രാജ്യത്ത് എം പോക്സ് സംശയത്തോടെ ഒരാൾ ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്രചെയ്ത് എത്തിയയാൾക്കാണ് രോഗലക്ഷണം. ഇയാൾ നിലവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
എംപോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് രോഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്.
രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.