മൃതസഞ്ജീവനി തുണയായി; വിനോദ് ജീവിതത്തിലേക്ക്
text_fieldsതിരുവനന്തപുരം: മസ്തിഷ്കമരണാനന്തരം ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത കൊല്ലം സ്വദേശിയുടെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജു ഭവനില്‍ വിനോദിന് (40) ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവര്‍ഷത്തെ ദുരിതങ്ങള്‍ക്കുകൂടിയായിരുന്നു. ജീപ്പ് ഡ്രൈവറായിരുന്ന വിനോദിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം.
കാഴ്ചക്കുറവിന് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വിനോദിന്റെ രോഗനിര്‍ണയ പരിശോധനാഫലം ആ കുടുംബത്തില്‍ ഇടിത്തീയായി മാറുകയായിരുന്നു. വിനോദിന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന യാഥാർഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 2013ല്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ നിന്നുമാണ് വിദഗ്ധ ചികിത്സക്ക് അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. നെഫ്രോളജി വിഭാഗത്തില്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാതെ വന്നപ്പോള്‍ വിനോദിന്റെ ഭാര്യ അനുവിജയ ഭാഗ്യക്കുറി വിൽപന ആരംഭിച്ചു.
ചെങ്ങമനാട്ട് സ്ഥാപിച്ച ഭാഗ്യക്കുറി തട്ടിലൂടെ അനുവിജയ മറ്റുള്ളവര്‍ക്കായി ഭാഗ്യം വില്ക്കുമ്പോള് മനസ്സുനിറയെ ഭര്‍ത്താവിന്റെ ജീവന് വീണ്ടെടുക്കുകയെന്ന ലക്ഷ്യമായിരുന്നു. വിനോദിന്റെ മാതാവ് വൃക്ക നല്കാന് തയാറായെങ്കിലും വൃക്കദാനത്തിനുശേഷം ദാതാവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ കൂടിയായ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നിര്‍ദേശപ്രകാരം മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. 2016 മുതല്‍ 2021 വരെ നാലുതവണ വൃക്ക ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. വൃക്ക യോജിക്കാത്തതും വിനോദിന് ഇടയ്ക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നടത്തേണ്ടിവന്നതുമൊക്കെയായിരുന്നു കാരണം. അഞ്ചാമത്തെ തവണ ഭാഗ്യം ആ കുടുംബത്തിന് അനുകൂലമായിരുന്നു. മസ്തിഷ്കമരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്. വിനോദിന്റെ വൃക്കകളിലൊന്ന് വിനോദിന് ലഭിക്കുകയായിരുന്നു.
യൂറോളജി വിഭാഗത്തിലെ ഡോ. സാജുവിന്റെയും ഡോ. ഉഷാ കുമാരിയുടെയും (അനസ്തേഷ്യ) നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്കുശേഷം വിനോദ് ആരോഗ്യം വീണ്ടെടുത്തുവരികയാണ്. പതിനൊന്നുകാരനായ അഭിമന്യു, രണ്ടാം ക്ലാസുകാരി അവന്തിക എന്നിവരാണ് വിനോദിന്റെ മക്കള്‍. അഭിമന്യു ജന്മനാ അന്ധനും സംസാരശേഷിയില്ലാത്തതുമായ കുട്ടിയാണ്. ഏതാനും ദിവസങ്ങള്‍ക്കുശേഷം വിനോദിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.