മുണ്ടിനീര്: ഇക്കൊല്ലം 30 മടങ്ങ് വർധന,69,000 രോഗബാധിതർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണെങ്കിൽ ഈ വർഷം 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വർഷത്തിനിടെ 30 മടങ്ങാണ് വർധന. 2016ൽ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനക്ക് കാരണം.
അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം മംപ്സ് മീസിൽസ് റുബെല്ല വാക്സിൻ(എം.എം.ആർ) നൽകിയിരുന്നു. 2016ൽ ഇത് മീസിൽസ് റുബെല്ല വാക്സിൻ (എം.ആർ) മാത്രമാക്കി. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിന് പ്രതിരോധശേഷി കുറവാണെന്നും പറഞ്ഞായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
ഇക്കൊല്ലം മലപ്പുറത്ത് 13,524 കേസുകളും കണ്ണൂരിൽ 12,800, പാലക്കാട് 5000, തിരുവനന്തപുരത്ത് 1575 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടിനീര് കേസുകൾ ഉയരുന്നതിനാൽ എം.എം.ആർ വാക്സിൻ തുടരണമെന്ന് കേരളം കേന്ദ്രസർക്കാറിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഇത് ഇപ്പോഴും ലഭിക്കുന്നുണ്ട്.
മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. അഞ്ച് മുതൽ 15 വരെയുള്ള പ്രായവിഭാഗത്തിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. മുഖത്തിന്റെ വശത്ത് വേദനയോടെ വീക്കമുണ്ടാകുന്നത് സാധാരണ ലക്ഷണമാണ്. വൈറസ് ബാധിച്ച് 16 മുതൽ 18 ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.
ശ്വാസകോശ സ്രവങ്ങൾ വഴിയും രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരും. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പു മുതൽ എട്ടു ദിവസംവരെ രോഗം പടരാം. മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. വാക്സിനേഷൻ വഴി അണുബാധ തടയാം. രോഗബാധിതരെ ഐസൊലേഷനിലാക്കുന്നതിലൂടെയും വ്യാപനം തടയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.