മൂവാറ്റുപുഴ ജനറല്‍ ആശുപത്രി; ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ അധികഫണ്ടിന് ആരോഗ്യ വകുപ്പിനെ സമീപിച്ച് നഗരസഭ
text_fieldsമൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ ഓപറേഷന് തിയറ്റര്‍ ലേബര്‍ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അധിക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ 28 ലക്ഷം രൂപ കൂടുതലായി അനുവദിക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്കി. ഇതേ ആവശ്യം ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും അപേക്ഷ സമര്‍പ്പിച്ചു. ലക്ഷ്യ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓപ്പറേഷൻ തീയേറ്റർ കം ലേബർ റൂം തുറന്നു പ്രവർത്തിപ്പിക്കാൻ വൈദ്യുത സംവിധാനത്തിന്റെ പവർ കൂട്ടേണ്ടതുണ്ട്.
ഇതിനായി അഡിഷനൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വിഭാഗം നൽകിയിരുന്ന ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് 30 ലക്ഷം രൂപയും പൊതുമരാമത്ത് സിവിൽ വിഭാഗം നൽകിയിരുന്ന എസ്റ്റിമേറ്റ് പ്രകാരമുള്ള 10 ലക്ഷം രൂപയും ചേർത്ത് 40 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്.
24 ലക്ഷം മുൻസിപ്പാലിറ്റി പ്രൊജക്റ്റ് വഴിയും 16 ലക്ഷം രൂപ എൻ.എച്ച്.എം ഫണ്ടില്‍നിന്നും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ ഏജൻസികളിലെ എൻജിനീയർമാരും പൊതുമരാമത്ത് ഇലക്ട്രിക്കൽ സിവിൽ വിഭാഗത്തിലെ എൻജിനീയർമാരും പങ്കെടുത്തു. ഓരോ വിഭാഗത്തിന് ആവശ്യമായ കണക്ടട് ലോഡ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുകയും അതിൽ നിന്ന് വന്ന നിർദേശപ്രകാരം സ്ഥാപനത്തിലേക്ക് ആവശ്യമായ കണക്ടട് ലോഡിന് വേണ്ട പുതുക്കിയ എസ്റ്റിമേറ്റ് ഇലക്ട്രിക്കൽ വിഭാഗം നൽകുകയും ചെയ്തു.
നിലവിലുള്ള തുകയിൽനിന്ന് 28 ലക്ഷം രൂപ അധികമായിട്ടാണ് പുതുക്കിയ എസ്റ്റിമേറ്റ് നൽകിയിട്ടുള്ളത്. വര്‍ധിച്ച തുക കണ്ടെത്താൻ നഗരസഭയിൽ ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നഗരസഭയും ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പിനെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.