Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനാലുപേർക്ക് പുതുജീവൻ...

നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

text_fields
bookmark_border
najeeb 987987
cancel
camera_alt

നജീബ്

കോഴിക്കോട്: നജീബിന്‍റെ കണ്ണുകൾക്ക് മരണശേഷവും കാഴ്ച മങ്ങില്ല. വൃക്കകളും മറ്റൊരാൾക്ക് ജീവിതത്തിലേക്ക് നടന്നുകയറാൻ കരുത്ത് നൽകും. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചിരുന്ന നജീബിന്‍റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മസ്തിഷ്‌ക മരണത്തെ തുടർന്ന് മരിച്ച മലപ്പുറം മഞ്ചേരി സ്വദേശിയായ 46കാരൻ നജീബിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ നജീബിന്‍റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തലകറക്കം പോലുള്ള ചില അസ്വസ്ഥതകള്‍ കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും തലയിലെ അനിയന്ത്രിത രക്തസ്രാവം മൂലം നില ഗുരുതരമായിരുന്നു. വൈകാതെ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ഉൾപ്പെടെ മുന്നിൽ നിന്ന നജീബിന്‍റെ മരണം തങ്ങൾക്ക് നികത്താൻ പറ്റാത്ത വിടവാണെങ്കിലും, ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത മനുഷ്യർക്ക് നജീബ് കാരണം പുതുവെളിച്ചമേകാൻ പറ്റിയാൽ അത് വലിയ സത്കർമമമായി കാണുന്നതുകൊണ്ടാണ് അവയവങ്ങൾ ദാനം നൽകാൻ തയാറായതെന്ന് കുടുംബം പറയുന്നു.

രണ്ട് വൃക്കകളും, രണ്ട് നേത്ര പടലങ്ങളുമാണ് കേരള സര്‍ക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴി ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേയും, കോഴിക്കോട് മെഡിക്കൽ കോളജിലേയും രോഗികൾക്കാണ് വൃക്കകൾ നൽകിയത്. കണ്ണുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗികൾക്കും.

മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്ങ്ങളുമാണ് പലരെയും മരണാനന്തര അവയവദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതായി മനസ്സിലാക്കാൻ പറ്റുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവിയായ ഡോ. വേണുഗോപാലൻ പറഞ്ഞു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്‌ടർമാരെക്കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്‌ധ ഡോക്ട‌ർമാർ അടക്കമുള്ള സംഘം പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയാണ് മരണം സ്ഥിരീകരിക്കാറുള്ളത്. അവയവദാനം തീർത്തും സാമ്പത്തിക നേട്ടമില്ലാത്ത സത്കർമ്മവുമാണ്. സർക്കാരിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണന പ്രകാരമാണ് സ്വീകർത്താവിനെ തിരഞ്ഞെടുക്കുന്നത്.

ഇന്ന്, ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. എന്നാൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമൂഹം കൂടുതൽ പ്രോത്സാഹനം നൽകണമെന്നും സർക്കാരിന്‍റെ പോർട്ടലിൽ വൃക്കമാറ്റിവെക്കലിനു മാത്രമായി ആയിരത്തിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ പറഞ്ഞു. ദൈവ വിധിയിൽ പകച്ചുനിൽക്കുന്ന സമയത്തും ഉചിതമായ തീരുമാനമെടുത്ത് നാലുപേർക്ക് പുതുജീവൻ നൽകാൻ കാരണക്കാരായ നജീബിന്‍റെ മക്കളും സഹോദരനും മറ്റു കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donationbrain death
News Summary - Najib gave new life to four people after brain death
Next Story