കോവിഡിനെ പ്രതിരോധിക്കാൻ തുള്ളി മരുന്ന്; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായി ഭാരത് ബയോടെക്ക്
text_fieldsന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായി ഭാരത് ബയോടെക്ക് മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. കൃഷ്ണ എല്ല അറിയിച്ചു. അടുത്ത മാസം ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. എ.എൻ.ഐ ന്യൂസ് ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതേയുള്ളു. അതിന്റെ വിവരങ്ങൾ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തമാസം വിവരങ്ങൾ ഡി.സി.ജി.ഐക്ക് കൈമാറും. എല്ലാം ശരിയായാൽ മരുന്ന് പുറത്തിറക്കാൻ അനുമതി ലഭിക്കും. ഇതായിരിക്കും കോവിഡ് 19നുള്ള ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തെ ആദ്യത്തെ മൂക്കിലിറ്റിക്കുന്ന മരുന്നെന്നും എല്ല കൂട്ടിച്ചേർത്തു.
ഭാരത് ബയോടെക്കിന് മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഈ വർഷം ജനുവരിയിലാണ് ഡ്രഗ് കൺട്രോളർ അനുമതി നൽകിയത്.
കോവിഡിനെതിരെ രണ്ടാം ഡോസ് വാക്സിൻ എടുത്തവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ഡോ. എല്ല പറഞ്ഞു. വാക്സിന്റെ ബൂസ്റ്റർ ഡോസാണ് കൂടുതൽ പ്രതിരോധ ശേഷി നൽകുക. എല്ലാ വാക്സിനേഷന്റെയും അത്ഭുത ഡോസാണ് ബൂസ്റ്റർ ഡോസ് എന്നാണ് ഞാൻ പറയുക.
കുട്ടികളിൽ പോലും ആദ്യ രണ്ട് ഡോസുകൾ പ്രതിരോധ ശേഷി നൽകില്ല. എന്നാൽ മൂന്നാം ഡോസ് മൂലം അത്ഭുതകരമായ പ്രതികരണമാണ് കുട്ടികളിൽ ഉണ്ടാക്കുക. ഇതു തന്നെയാണ് മുതിർന്നവരിലും സംഭവിക്കുന്നത്. മൂന്നാം ഡോസ് മുതിർന്നവരിൽ വളരെ പ്രധാന്യമേറിയതാണ്.
കോവിഡ് 19 നെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ല. അത് ഇവിടെ തന്നെയുണ്ടാകും. നാം അതിനോടൊപ്പം ജീവിക്കാനാണ് പഠിക്കേണ്ടത്. ബുദ്ധിപൂർവം നിയന്ത്രിച്ചു നിർത്താനും പഠിക്കണമെന്നും ഡോ. കൃഷ്ണ എല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.