ദേശീയ വിരവിമുക്ത ദിനം ഇന്ന്; വിരബാധ എങ്ങനെ തടയാം?
text_fieldsതൊടുപുഴ: കുട്ടികളുടെ വളര്‍ച്ചയെയും പൊതുവെയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് വിരശല്യം. ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത് നവംബര്‍ 26നാണ്. ആ ദിവസം വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും.
വിദ്യാലയങ്ങളില്‍ എത്താത്ത ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള കുട്ടികള്‍ക്ക് അംഗനവാടികളില്‍ നിന്നും ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ നവംബര്‍ 26ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ മൂന്നിന് ഗുളിക നല്‍കും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒന്നു മുതല്‍ 14 വയസ്സുവരെ 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ ആറു മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്കൂളുകളും അംഗണവാടികളും വഴി ഗുളിക നൽകുകയും ചെയ്യുന്നു.
വിരബാധ
വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്.
ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്. ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിന് വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകള്‍.
വിരബാധ എങ്ങനെ തടയാം
ഭക്ഷണത്തിന് മുമ്പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക, മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങള്‍ ശരിയായി സംസ്ക്കരിക്കുക, മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക, കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, കുട്ടികളുടെ നഖം വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അടിവസ്ത്രങ്ങള്‍ ദിവസേന കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക, ആറുമാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി മരുന്ന് കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിച്ചാൽ വിര ബാധ തടയാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.