വിരമുക്തദിനം ഇന്ന്; ജില്ലയിൽ 6,70,502 കുട്ടികൾക്ക് ഗുളിക നൽകും
text_fieldsതൃശൂർ: കോവിഡ് കാരണം കഴിഞ്ഞ മൂന്നുവർഷമായി നിലച്ച ദേശീയ വിരമുക്തദിനം ചൊവ്വാഴ്ച നടക്കും. ജില്ലയിലെ ഒന്നുമുതൽ 19 വരെ പ്രായമുള്ള 6,70,502 കുട്ടികൾക്ക് അംഗൻവാടികളിലും വിദ്യാലയങ്ങളിലുമായി ആൽബൻഡസോൾ ഗുളിക നൽകും. വൃത്തിഹീന കൈകൾ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോഴും മറ്റും വിരകൾ ധാരാളമായി പ്രവേശിക്കുന്നുണ്ട്.
ശരീരത്തിൽ പ്രവേശിക്കുന്ന വിരകൾ ആഹാരത്തിലെ പോഷകമൂല്യത്തിന്റെ വലിയൊരു അളവ് ചോർത്തിയെടുക്കുന്നതിനാൽ കുട്ടികളിൽ വിളർച്ച, വളർച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തിൽ ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവ അനുഭവപ്പെടുന്നു. മാത്രമല്ല, വിരബാധ ദീർഘനാൾ നീളുന്നത് കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. ശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കുകയും ആറുമാസം ഇടവിട്ട് വിരക്കെതിരെ ആൽബൻഡസോൾ ഗുളിക കഴിക്കുകയുമാണ് പ്രതിവിധി. വിദ്യാഭ്യാസ വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരമുക്ത ദിനം സംഘടിപ്പിക്കുന്നത്. ജനുവരി 17ന് ഗുളികകൾ കഴിക്കാൻ സാധിക്കാത്ത കുട്ടികൾ ജനുവരി 24ന് നടക്കുന്ന സമ്പൂർണ വിരമുക്ത ദിനത്തിൽ വിരക്കെതിരെയുള്ള ഗുളികകൾ കഴിക്കണം. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് എരുമപ്പെട്ടി ഗവ.ഹയർ സെക്കഡറി സ്കൂളിൽ എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിക്കും.
കുട്ടികളിൽ പലരും വിരബാധിതർ
തൃശൂർ: കഴിഞ്ഞ മൂന്നുവർഷമായി വിരമുക്തദിനാചരണം നടത്താത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കുട്ടികളിൽ വിരശല്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറുമാസങ്ങൾക്കിടെ കഴിക്കേണ്ട മരുന്ന് മൂന്നുവർഷമായി നൽകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പാർശ്വഫലങ്ങളില്ല
തൃശൂർ: വിരക്ക് എതിരായ ആൽബൻഡസോൾ ഗുളികക്ക് പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ജയന്തി വ്യക്തമാക്കി.
അതേസമയം, വിരബാധിതരായ കുട്ടികൾ ഗുളിക കഴിക്കുമ്പോൾ ക്ഷീണം, ഛർദി, ചെറിയതോതിൽ വയറുവേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. അത് താൽക്കാലികം മാത്രമാകും.
അത്തരക്കാർക്ക് ചികിത്സ സൗകര്യം എല്ലാമേഖലയിലും ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ടി.കെ. രാമദാസ്, ഡോ. ജിൽഷോ ജോർജ്, മാസ് മീഡിയ ഓഫിസർ ഹരിതദേവി, റെജീന രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.