ഡിമെൻഷ്യ മുൻകൂട്ടി പ്രവചിക്കാൻ എ.ഐക്ക് സാധിക്കുമോ?
text_fieldsസർവ മേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി ആരോഗ്യ മേഖലയിലും സ്വാധീനം ചെലുത്തുകയാണ്. ഇപ്പോഴിതാ രോഗികളിൽ മസ്തിഷ്കക്ഷതം പ്രവചിക്കാൻ കഴിവുള്ള നിർമ്മിത ബുദ്ധി (എ.ഐ) ടൂൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. മാസ് ജനറൽ ബ്രിഗാം എന്ന എൻ.ജി.ഒയിലെ ഗവേഷകരാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. പുതിയ എ.ഐ ടൂൾ മുൻകൂട്ടിയുള്ള ചികിത്സക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉറക്കത്തിൽ തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ ഇലക്ട്രോ എൻസെഫലോഗ്രഫി (ഇ.ഇ.ജി) ഉപയോഗിച്ച് വിശകലനം ചെയ്ത് പ്രവചനം നടത്താൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്‍റെ പ്രവർത്തനം. ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 65 വയസ്സിനു മുകളിലുള്ള ഒരു വിഭാഗം സ്ത്രീകളുടെ ഉറക്ക പഠന ഡാറ്റ ഉപയോഗിച്ച് അഞ്ച് വർഷത്തേക്ക് നിരീക്ഷിച്ചാണ് എ.ഐ ടൂൾ വികസിപ്പിച്ചെടുത്തത്.
തലച്ചോറിലെ തരംഗ പാറ്റേണുകളിലെ സൂക്ഷ്മമായ മാറ്റങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. വൈജ്ഞാനിക വൈകല്യമുള്ളവരെ കണ്ടെത്തി പ്രവചിക്കാൻ ഉപകരണത്തിലൂടെ സാധിക്കുന്നു.
ധരിക്കാൻ കഴിയുന്ന ഇ.ഇ.ജി ഉപകരണങ്ങൾ ഡിമെൻഷ്യ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനം നടത്തിയവരിൽ ബുദ്ധിശക്തി കുറയുന്ന 85 ശതമാനം വ്യക്തികളെയും എ.ഐ ടൂൾ തിരിച്ചറിഞ്ഞു.
ഡിമൻഷ്യ പ്രതിരോധത്തെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതിനെ ഇത് പൂർണ്ണമായും മാറ്റിമറിക്കാൻ കഴിയുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഷഹാബ് ഹഗായേഗ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 55 ദശലക്ഷം ആളുകൾ ഡിമെൻഷ്യ ബാധിതരാണ്. അസുഖം ആരംഭിക്കുന്നതിന് മുമ്പ് പെരുമാറ്റത്തിലും ശാരീരിക പ്രവർത്തനങ്ങളിലും മാറ്റങ്ങൾ സംഭവിക്കാമെന്ന് ഒന്നിലധികം പഠനങ്ങൾ സൂചിപ്പിക്കുന്നു.
എ.ഐ സംവിധാനം ഉപയോഗിച്ച് നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗ ബാധ്യതരാവാൻ സാധ്യതയുള്ളവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കും. എന്നിരുന്നാലും, ഇത് സാധൂകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും കൂടുതൽ ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി വലിയ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.