റഷ്യയിലെ വവ്വാലുകളിൽ പുതിയ കൊറോണ വൈറസ്; കോവിഡ് വാക്സിനേഷനെ അതിജീവിക്കുന്നവയെന്ന് പഠനം
text_fieldsരണ്ട് വർഷത്തിലേറെയായി ജീവിതം സ്തംഭിപ്പിച്ച കോവിഡിൽ നിന്ന് ലോകം മുക്തി നേടി വരുന്നതിനിടെ കൊറോണ വൈറസിനോട് സാമ്യമുള്ള പുതിയ വൈറസ് രംഗത്ത്. റഷ്യയിലെ വവ്വാലുകളിലാണ് പുതിയ വൈറസ് ഖോസ്റ്റ -2 കണ്ടെത്തിയിരിക്കുന്നതെന്ന് പ്ലോസ് പാത്തൊജൻസ് എന്ന ജേണലിലെ റിപ്പോർട്ടിൽ പറയുന്നു.
2020ൽ തന്നെ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും അത് ആക്രമണകാരിയല്ലെന്നായിരുന്നു അന്നത്തെ നിഗമനം. എന്നാൽ പുതിയ പഠനങ്ങൾ ഈ വൈറസിനെ ഭയക്കണമെന്നാണ് തെളിയിക്കുന്നതെന്ന് ശസ്ത്രജ്ഞർ പറയുന്നു.
ഖോസ്റ്റ -2 മനുഷ്യരെ ബാധിക്കുമെന്ന് മാത്രമല്ല, കോവിഡിനെതിരായി വാക്സിനേഷൻ മുഖേന നേടിയെടുത്ത പ്രതിരോധ ശേഷി നിർവീര്യമാക്കാനുള്ള കഴിവും പുതിയ വൈറസിനുണ്ടെന്നാണ് കണ്ടെത്തൽ.
ആരെയും ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പൂർണ്ണമായും വാക്സിൻ പ്രതിരോധശേഷിയുള്ള വൈറസാണ് ഇതെന്ന് പറയുന്നില്ലെന്നും പഠനത്തിലെ പ്രധാന ശാസ്ത്രജ്ഞനായ മൈക്കൽ ലെറ്റ്കോ ടൈം മാഗസിനോട് പറഞ്ഞു. ഈ വൈറസുകൾക്ക് മനുഷ്യരുടെ റിസപ്റ്റേഴ്സുമായി ബന്ധപ്പെടാൻ സാധിക്കും. നിലവിലെ കോവിഡ് വാക്സിനേഷൻ കൊണ്ട് അവയെ നിർവീര്യമാക്കാനുമാകില്ല.
വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഈ വൈറസ് ശ്വസന വൈറസായ സാർബെക്കോവൈറസ് എന്ന കൊറോണ വൈറസുകളുടെ ഉപവിഭാഗത്തിലാണ് വരുന്നത്. അതിനാൽ തന്നെ, വന്യജീവികളിലെ സാർബെക്കോവൈറസുകൾ ആഗോള ആരോഗ്യത്തിനും കോവിഡ് വാക്സിനേഷൻ കാമ്പെയ്‌നുകൾക്കും ഭീഷണിയാണെന്നും പഠനം വ്യക്തമാക്കുന്നു.
എന്നാലും, ഒമിക്രോൺ വകഭേദം ജനങ്ങളിൽ ഉണ്ടാക്കിയതുപോലെ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജീനുകൾ ഈ വൈറസിനില്ലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ കോവിഡിന്റെ ജീനുകളുമായി കൂടിച്ചേരാനിടയായൽ അത് ക്രമേണ മാറാം.
അതിനാൽ, മൃഗങ്ങളിൽ നിന്ന് പകരുന്ന കൊറോണ വൈറസിന്റെ മറ്റൊരു വ്യാപനം തടയാൻ സാർബെക്കോവൈറസിനെതിരായി കൂടുതൽ ഫലപ്രദമായ വാക്സിനുകൾ വികസിപ്പിക്കേണ്ടതുണ്ടെന്ന്
വൈറോളജിസ്റ്റായ ഡോ. അരിഞ്ജയ് ബാനർജി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.