ഈ കോവിഡ് വാക്‌സിൻ എളുപ്പം ഉൽപാദിപ്പിക്കാം, ശീതീകരണ സംവിധാനം വേണ്ട
text_fieldsവാഷിങ്ടൺ: നിലവിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകൾക്കെല്ലാം ശീതീകരണ സംവിധാനം ആവശ്യമാണ്. വാക്‌സിൻ വൻതോതിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ വികസ്വര, അവികസിത രാജ്യങ്ങൾക്ക് ഇത് ബുദ്ധിമുട്ടാകാറുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് കോവിഡിനെയും വിവിധ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍ കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകർ. പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ഈ വാക്‌സിൻ ഉത്പാദിപ്പിക്കാന്‍ എളുപ്പമാണെന്ന് മാത്രമല്ല, ശീതീകരണ സംവിധാനം ആവശ്യമില്ല എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
യു.എസിലെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഗവേഷക സംഘമാണ് പുതിയ വാക്‌സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പി.എന്‍.എ.എസ്. ജേണലിൽ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ട്. പുതിയ വാക്‌സിൻ സാധാരണ താപനിലയില്‍ ഏഴുദിവസം വരെ സൂക്ഷിച്ചുവെക്കാനാകുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. നിലവിലെ ആഗോള വാക്‌സിനേഷന്‍ തോതിലെ കുറവ് പരിഹരിക്കാനും മറ്റ് രോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ വിതരണം ചെയ്യുന്നതിന് അടുത്ത് തന്നെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനും സാധിക്കും.
നാനോബോഡികളും വൈറസിന്‍റെ സ്‌പൈക്ക് പ്രോട്ടീന്‍റെ ഭാഗങ്ങളും എന്നിങ്ങനെ രണ്ട് ഘടകങ്ങളാണ് ഈ വാക്സിനുള്ളത്. സ്‌പൈക് പ്രോട്ടീന്‍ മുഴുവനായോ വൈറസിന്‍റെ മറ്റ് ഭാഗങ്ങളോ ഇതിനോട് യോജിപ്പിക്കാനാവുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നൊവാലിയ പിഷേഷ പറയുന്നു. കോവിഡ് വൈറസിന്‍റെ വകഭേദങ്ങള്‍ക്ക് അനുസരിച്ച് വളരെ എളുപ്പത്തില്‍ ഈ വാക്‌സിനുകളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിന്‍റെ സ്‌പൈക്ക് പ്രോട്ടീനെതിരെ ശക്തമായ പ്രതിരോധ പ്രതികരണം വാക്‌സിന്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് പ്രതിരോധ സംവിധാനങ്ങളെ ഉണര്‍ത്തുന്ന ടി കോശങ്ങളെ വാക്‌സിന്‍ ഉത്തേജിപ്പിക്കുന്നതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.