വിനോദങ്ങൾക്ക് വിട... തിരക്കൊഴിഞ്ഞ് നഗരം
text_fieldsകോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ നഗരവും പരിസരങ്ങളും ആളൊഴിഞ്ഞ നിലയിലായി. ഇതുവരെ ജില്ലയിൽ ആറു പേർക്ക് നിപ പോസിറ്റിവായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനും ചെറുവണ്ണൂരിലെ 31കാരനും നിപ സ്ഥിരീകരിച്ചതോടെ കോർപറേഷൻ പരിധിയിലും നിയന്ത്രണങ്ങൾ കർശനമാക്കി. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങൾ പാലിച്ച് ജനം മാസ്കുകളും കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്കൂളുകളും കോളജുകളും ട്യൂഷൻ സെന്ററുകളും അടഞ്ഞുകിടക്കുകയും പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും പല ഓഫിസുകളിലും വർക് ഫ്രം ഹോം ഏർപ്പെടുത്തുകയും ചെയ്തതോടെ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം തിരക്ക് കുറഞ്ഞു.
നഗരത്തിൽ സ്ഥിരം വാഹനക്കുരുക്ക് അനുഭവപ്പെടുന്ന പാളയം, മാനാഞ്ചിറ, നടക്കാവ് എന്നിവിടങ്ങളിലെല്ലാം സുഗമമായി യാത്ര ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോൾ. കുറ്റ്യാടി, വടകര ഭാഗങ്ങളിലേക്കുള്ള ബസുകളിലും യാത്രക്കാർ കുറവാണ്. നീണ്ട അവധി ലഭിച്ചതോടെ മറ്റു ജില്ലകളിൽനിന്ന് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ തിരക്കനുഭവപ്പെട്ടു.
ആളുകൾ കൂട്ടംകൂടുന്ന നഗരത്തിലെ പ്രധാന വിനോദ വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവിലും പാളയം മാർക്കറ്റിലും പതിവിലും കുറവ് തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്ന ശേഷം മാത്രം ഭക്ഷണം ലഭിക്കാറുണ്ടായിരുന്ന ഹോട്ടലുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
പഴം, പച്ചക്കറി വ്യാപാരികൾക്കും കച്ചവടം കുറവാണ്. നഗരത്തിലെത്തുന്നവർ കുറവായതിനാൽ ഓറഞ്ച്, ആപ്പിൾ, പേരക്ക തുടങ്ങിയവയുടെ വിൽപനയിലും കുറവുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാൽ, വിലയിൽ മാറ്റമില്ല. മാസ്ക് നിർബന്ധമാക്കിയതോടെ കോവിഡ് കാലത്തേതുപോലെ മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. മിക്ക മെഡിക്കൽ ഷോപ്പുകളിലും സ്റ്റോക്കുണ്ടായിരുന്ന മാസ്കുകളും മറ്റ് അവശ്യസാധനങ്ങളും പെട്ടെന്നുതന്നെ കാലിയായി. നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ എത്തിയവരും ധാരാളമുണ്ടായിരുന്നു.
കടപ്പുറത്ത് കൂട്ടംകൂടി നിന്ന ആളുകളെ പൊലീസ് ഒഴിപ്പിച്ചു. പാർക്കിലേക്കും ബീച്ചിലേക്കും ജനങ്ങൾ എത്തുന്നത് നിയന്ത്രിക്കണമെന്ന് കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശം നൽകി. പിങ്ക് പൊലീസും ലൈഫ് ഗാർഡുകളും ജനങ്ങളെ ബോധവത്കരിക്കുന്നുണ്ടെങ്കിലും പിഞ്ചുകുഞ്ഞുങ്ങളുമായി പലരും ബീച്ചിൽ എത്തുന്നുണ്ട്.
അവധിദിവസങ്ങളിൽ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതി ഒഴിവാക്കണമെന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം. വിവാഹത്തിനും പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലും വെള്ളിയാഴ്ച എരഞ്ഞിപ്പാലത്തെ ഓഡിറ്റോറിയത്തിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്ത വിവാഹം നടന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.