സർവം സാധാരണ നിലയിലേക്ക്
text_fieldsകോഴിക്കോട്: മൂന്നാം തവണയും നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഭീതിയിലായ ജില്ലയിൽ തുടർച്ചയായ എട്ടു ദിവസങ്ങളിൽ പോസിറ്റിവ് കേസുകൾ ഇല്ലാതായതോടെ ആശ്വാസത്തിലേക്ക് മടക്കം. ശക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്ന ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക് മാറും.
കൂടുതൽ പേരിലേക്ക് നിപ പകരുമെന്ന ഭീതി ഉയർന്നതോടെ കഴിഞ്ഞ 16 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കാൻ കലക്ടർ ഉത്തരവിടുകയും ചെയ്തു. തുടർന്ന് പ്രഫഷനൽ കോളജുകൾ, ട്യൂഷൻ, കോച്ചിങ് സെന്ററുകളും അടച്ചിട്ടു.
സ്ഥിതിഗതികൾ വിലിയിരുത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ വീണ്ടും കോഴിക്കോട്ടെത്തി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്യൂണിറ്റി സർവൈലന്‍സ് തുടരുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഇതിനായി ഏകാരോഗ്യം സമിതി നിലവില്‍ വരും. ജില്ല കലക്ടര്‍ അധ്യക്ഷയായ സമിതിയില്‍ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങി എല്ലാ വകുപ്പുകളില്‍നിന്നും അംഗങ്ങളുണ്ടാകും. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഊന്നി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത്.
ഇന്നലെ ഫലം ലഭിച്ച ഏഴ് സാമ്പ്ളുകളുടെ ഫലവും നെഗറ്റീവാണ്. നിപ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ ടെക്നീഷ്യന്മാര്ക്കും പി.ജി. വിദ്യാർഥികള്‍ക്കും മെഡിക്കല്‍ കോളജില്‍നിന്ന് പരിശീലനം നല്‍കിയിട്ടുണ്ട്. ഐ.സി.എം.ആര്. സംഘം തിരികെപോയി.
മൃഗ സംരക്ഷണ വകുപ്പിന്റേതുൾപ്പെടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും. സീറോ സർവൈലന്‍സിന്റെ ഭാഗമായി രോഗിയുമായി അടുത്തിടപഴകിയ വ്യക്തികളുടെ ശരീരത്തില്‍ ആന്റിബോഡിയുൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ജില്ല കലക്ടര്‍ എ. ഗീത, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, സബ് കലക്ടര്‍ ചെല്‍സാസിനി വി., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, എ.ഡി.എച്ച്.എസ് ഡോ. നന്ദകുമാര്‍, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയ നിപ രോഗികള്‍ക്കായുള്ള പരിശോധന ലാബ് മന്ത്രി സന്ദര്‍ശിച്ചു. ജില്ലയിൽ മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, ഫറോക്ക് ചെറുവണ്ണൂർ എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രിയിലെ കർണാടക സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമാണ് നിപ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിനായി ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
നിപ ബാധിച്ച് മരിച്ചവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയ ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവരുടെ സാമ്പ്ൾ പരിശോധന ഫലങ്ങൾ നെഗറ്റിവായതോടെയാണ് വ്യാപന ഭീതിയിൽ ആശ്വാസം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.