വ്യാപാര, വ്യവസായമേഖലയിൽ ഉണർവ്; ബസ് സർവിസ് തുടങ്ങി
text_fieldsഫറോക്ക്: നിപയെ തുടർന്ന് അടച്ചിട്ട വ്യാപാര, വ്യവസായമേഖല ഉണർന്നു. ബസുകൾ ഉൾപ്പെടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എട്ടു ദിവസത്തെ പൂർണ അടച്ചിടലിൽ നാടാകെ വിഷമസന്ധിയിലായിരുന്നു.
ജില്ല കലക്ടറുടെ ഉത്തരവിനെ തുടർന്നായിരുന്നു കഴിഞ്ഞ 16 മുതൽ കോർപറേഷനിൽ ഉൾപ്പെട്ട ചെറുവണ്ണൂർ ഭാഗവും ഫറോക്ക് നഗരസഭ മുഴുവനായും കണ്ടെയിൻമെന്റ് സോണാക്കി അടച്ചത്. ചെറുവണ്ണൂർ സ്വദേശിയായ 39കാരന് നിപ സ്ഥിരീകരിച്ചതും ഇയാളുടെ സമ്പർക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം വർധിച്ചതുമാണ് പ്രദേശത്ത് കർശന നിയന്ത്രണം കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, നിയന്ത്രണം കടുപ്പിച്ചതോടെ ആശങ്കയിലായ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതൽ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നു. എന്നാൽ, ഔദ്യോഗികമായി നിയന്ത്രണങ്ങൾ പിൻവലിക്കാതെ ശനിയാഴ്ച രാവിലെ മുതൽ ബസ് ഗതാഗതം ആരംഭിക്കുകയായിരുന്നു.
പരപ്പനങ്ങാടി -കോഴിക്കോട് റൂട്ടിലെ കല്ലംപാറ റോഡ് പാലം വഴി ബസോട്ടം തുടങ്ങി. തുടർന്ന് ചാലിയം, കടലുണ്ടി, മണ്ണൂർ റെയിൽ ഭാഗങ്ങളിൽനിന്നും ബസോട്ടം ആരംഭിച്ചു. ഫാറൂഖ് കോളജ് -കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകൾ ഫറോക്ക് സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റി സർവിസ് നടത്തി. കൊണ്ടോട്ടി, പള്ളിക്കൽ ബസാർ, യൂനിവേഴ്സിറ്റി, ഒലിപ്രംകടവ്, മണ്ണൂർ റെയിൽ, പെരിങ്ങാവ് ഭാഗങ്ങളിലേക്കുള്ള മിനി ബസുകളും സർവിസ് നടത്തിയിട്ടുണ്ട്. വ്യാപാര, വ്യവസായ മേഖലകളിലെ കച്ചവട സ്ഥാപനങ്ങൾ രാവിലെതന്നെ തുറന്നുപ്രവർത്തിച്ചു.
ഒരാഴ്ചയായി വിജനമായി കിടന്നിരുന്ന ഫറോക്ക്, ചെറുവണ്ണൂർ ഭാഗങ്ങളിൽ ജനങ്ങൾ ഭയപ്പാടില്ലാതെ പുറത്തിറങ്ങി. ഉൾപ്രദേശങ്ങളിലെ റോഡുകളിൽനിന്ന് പ്രധാന പാതകളിലേക്ക് വരുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കിയിട്ടുണ്ടെങ്കിലും പൊലീസ് നിരീക്ഷണം തുടരും.
പഠനം ഓൺലൈനായി തുടരും
ഫറോക്ക്: കണ്ടെയിൻമെന്റ് സോണായി തുടരുന്ന ചെറുവണ്ണൂർ ഭാഗത്തേയും ഫറോക്ക് നഗരസഭയിലേയും വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനമില്ല. ഈ പ്രദേശങ്ങളിലെ വിദ്യാർഥികളുടെ പഠനം അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈനായി തുടരേണ്ടതാണെന്ന് ജില്ല കലക്ടർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.