നിപ: ആശങ്ക ഒഴിയുന്നു, സമ്പർക്കപ്പട്ടികയിലെ 915 പേർ ഐസോലേഷനിൽ
text_fieldsകോഴിക്കോട്: ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്.
ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ ഭീഷണിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒക്ടോബർ 1 വരെ നീട്ടി. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കൂടാതെ ബീച്ചിലും പാർക്കിലും പ്രവേശനം അനുവദിക്കില്ലെന്നും കലക്ടർ അറിയിച്ചു.
അതേസമയം നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്നലെ മുതല്‍ തുറന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ തല്‍ക്കാലം തുറക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ പഠനം ഓണ്‍ലൈനായി തുടരണം. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് കർശന നിർദേശം ഉണ്ട്.
നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സംസ്ഥാന ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനക്കായുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ ഭീതിയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഈ മാസം 26ന് നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. ബേപ്പൂര്‍ ജി.എച്ച്.എസ്.എസ് സെന്റര്‍ ഒന്നിലെ ഉദ്യോഗാര്‍ഥികള്‍ കുറ്റിച്ചിറ ഗവ. വി.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതണം. ബേപ്പൂര്‍ ജി.എച്ച്.എസ്.എസ് സെന്റര്‍ രണ്ടിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വി.എച്ച്.എസ്.എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.