നിപ: രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം; സമ്പർക്കപട്ടികയും ആദ്യം മരിച്ചയാളുടെ റൂട്ട് മാപ്പും പുറത്തുവിട്ടു
text_fieldsകോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ള കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരാണുള്ളത്. രണ്ടാമത് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 281ഉം ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.
അതിനിടെ, സ്വകാര്യ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സ്രവ സാംപിൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. നിപ സ്ഥിരീകരിച്ച സാമ്പിളുകൾ ഉൾപ്പെടെ ഏഴ് സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്.
സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ കോൾ സെന്ററുമായി ബന്ധപ്പെടണം. നിപ ബാധിത പ്രദേശങ്ങൾ കനത്ത ജാഗ്രതയിലാണ്. കുറ്റ്യാടിയിലേക്ക് ബസുകൾ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിന് സമീപം പൊലീസ് ചെക്കിങ് നടത്തുന്നുണ്ട്. ഇവിടെ യാത്രക്കാരെ ഇറക്കി വിടുകയാണ്. യാത്രക്കാർ കാൽനടയായാണ് പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോകുന്നത്. തുടർന്ന് ഇതുവഴിയുള്ള ദീർഘദൂര യാത്രക്കാർ പെരുവഴിയിലായി.
അതിനിടെ, നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യപ്രവർത്തകർ പുറത്തുവിട്ടു. ആഗസ്റ്റ് 22നാണ് ഇയാൾക്ക് അസുഖം വന്നത്. 23ാം തീയതി വൈകീട്ട് ഏഴുമണിക്ക് തിരുവള്ളൂർ കുടുംബ പരിപാടിയിൽ പങ്കെടുത്തു. 25ാം തീയതി രാവിലെ 11 മണിയോടെ കാറിൽ മുള്ളൻകുന്ന്ബാങ്കിലെത്തി. അന്ന് ഉച്ചക്ക് കല്ലോട് ജുമാ മസ്ജിദിലും പോയി. 26ാം തീയതി രാവിലെ 11-11.30ന് ഇടയിൽ ഡോ. ആസിഫ് അലി ക്ലിനിക്കിലെത്തി. 28ാം തീയതി രാത്രി ഒമ്പത് മണിയോടെ കാറിൽ തൊട്ടിൽ പാലത്തെ ഇഖ്റ റഹ്മ ആശുപത്രി എത്തി. 29ന് പുലർച്ചെ 12.02ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. ഇവിടെ വെച്ച് മരിച്ച മുഹമ്മദിനെ 30ന് ഉച്ചക്ക് രണ്ട് മണിയോടെ ആംബുലൻസിൽ വീട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.