നിപ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു
text_fieldsകോഴിക്കോട്: ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ല ഭരണകൂടം. നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദേശം. നിലവിൽ ഒമ്പത് പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പോസിറ്റിവായവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പൊലീസ് സഹായം തേടും.
പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ആശുപത്രി അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗികൾക്കൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ജില്ലയിൽ പൊതു പരിപാടികളെല്ലാം നിരോധിച്ചിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്കി. 30ന് മരിച്ചയാളുടെ ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്ക്കും നിപ വൈറസ് പരിശോധന നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണ്.
എക്സ്പേര്‍ട്ട് ടീം, കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ടെലി മനസ്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ഹൈ റിസ്കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി.
അഞ്ചുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: കോൾ സെന്ററിൽ ഇന്നലെ 177 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 503 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 153 പേർക്കാണ് മാനസിക പിന്തുണ നൽകിയത്. ഇന്ന് അഞ്ചുപേരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ 75 റൂമുകളും, ആറ് ഐ.സി.യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ.സി.യു കിടക്കകളും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 റൂമുകളും അഞ്ച് ഐ.സി.യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. വടകര ജില്ല ആശുപത്രിയിൽ എട്ടും നാദാപുരം താലൂക്ക് ആശുപത്രിയിൽ ഏഴും റൂമുകൾ വീതം സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ.സി.യുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.