സൂക്ഷിക്കുക; ഇത് വവ്വാലുകളിൽ നിപ പടരും കാലം
text_fieldsകോഴിക്കോട്: കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വൻതോതിൽ വർധിക്കുന്നതായി പഠനം. ഫെബ്രുവരിയിൽനിന്ന് സെപ്റ്റംബറിലെത്തുമ്പോഴേക്കും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം ഒമ്പത് ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നതായി ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 2023ൽ ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. കോഴിക്കോട്, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
ഫെബ്രുവരിയിൽ ഒമ്പത് ശതമാനം; സെപ്റ്റംബറിൽ 28 ശതമാനം
2023 ഫെബ്രുവരിയിൽ ഒമ്പത് ശതമാനവും ജൂലൈയിൽ 24 ശതമാനവും സെപ്റ്റംബറിൽ 28 ശതമാനവുമായിരുന്നു പഠനപ്രകാരം വവ്വാലുകളിൽ വൈറസിന്‍റെ സാന്നിധ്യം. ഫെബ്രുവരിയിൽ പരിശോധിച്ച 88 സാമ്പിളുകളിൽ എട്ടും ജൂലൈയിൽ 74ൽ എട്ടും സെപ്റ്റംബറിൽ 110ൽ 31ഉം വവ്വാലുകളിൽ വൈറസ് സാന്നിധ്യം പഠനത്തിൽ കണ്ടെത്തി. കോഴിക്കോട്ട് രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾക്ക് 40-60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ച് പഠനവിധേയമാക്കിയത്.
2019ലും 2021ലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് വവ്വാലുകളിൽ നടത്തിയ പഠനത്തിൽ 20-21 ശതമാനംവരെ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു ഫെബ്രുവരിയിൽ സാമ്പിൾ ശേഖരിച്ചത്. ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നും സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുമാണ് വവ്വാൽ സാമ്പിൾ ശേഖരിച്ചിരുന്നത്.
വവ്വാലുകളെന്ന് അനുമാനം
കേരളത്തിൽ നാട്ടുപഴങ്ങളുടെ വിളവെടുപ്പ് കാലവും വവ്വാലുകളുടെ പ്രജനന കാലവും ഒരേ സീസണിലാണ്. സംസ്ഥാനത്ത് നിപ മനുഷ്യരിലേക്ക് പടർന്നത് വവ്വാലുകളിൽനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ പിടിപെട്ടുവെന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും, പഴങ്ങളിൽ കൂടിയാണ് പടർന്നതെന്നാണ് അനുമാനം. അതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും വവ്വാലുകളെ പ്രകോപിക്കുന്നതിൽനിന്ന് ജനം വിട്ടുനിൽക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.