നിപ സമ്പർക്കം ഭയം വേണ്ട
text_fieldsമലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖേന വിവരങ്ങൾ അറിയിക്കുകയും വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമില്ലാതെ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണമെന്ന് ജില്ല അധികൃതർ അറിയിച്ചു.
നിരീക്ഷണ കാലയളവിൽ എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണിൽ ബന്ധപ്പെടണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കാൻ 7593843625 എന്ന നമ്പറിൽ കൗണ്‍സിലിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് ദിവസം വരെ വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കണം. മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഉടനെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം. നിപ രോഗലക്ഷണങ്ങളുള്ളവർ കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ സമ്പർക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂർണ വിശ്രമം എടുക്കുകയും വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സമ്പർക്കം: സുരക്ഷാ രീതികൾ സ്വീകരിക്കണം
- രോഗി, ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
- സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക മുറികളിൽ താമസിപ്പിക്കുക.
- രോഗികളുടെ കട്ടിലുകൾ തമ്മിലുള്ള അകലം ഒരു മീറ്ററായി ഉറപ്പാക്കുക
- ലക്ഷണങ്ങൾ ഉള്ളവരെയും സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെയും പരിചരിക്കുന്നവർ എൻ -95 മാസ്ക് ധരിക്കണം
- കൈകൾ സോപ്പുപയോഗിച്ച് 40-60 സെക്കൻഡെങ്കിലും വൃത്തിയായി കഴുകുക.
- അണുനാശിനികാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹസ്തശുചീകരണ ദ്രാവകങ്ങളാൽ (സാനിറ്റൈസർ) ശുശ്രൂഷക്ക് ശേഷം കൈ കഴുകേണ്ടതാണ്.
- ശുശ്രൂഷക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം.
- പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
- സമ്പർക്കത്തിലുള്ളവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റു പുനരുപയോഗ സാധനങ്ങളും കൃത്യമായി അണുനശീകരണം നടത്തി മാത്രം ഉപയോഗിക്കുക
- വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ പുഴുങ്ങി അലക്കി ഉണക്കിയതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
സമ്പർക്കപട്ടികയിൽ ജില്ലയിൽനിന്നുള്ള 23 പേർ
മലപ്പുറം: നിപ ബാധിച്ച് കോഴിക്കോട് ജില്ലയിൽ മരിച്ച വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള 23 പേർ ഉൾപ്പെട്ടതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക അറിയിച്ചു. കോഴിക്കോട് ജില്ലയുടെ അതിർത്തിപ്രദേശങ്ങളായ കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ജില്ല നിപ കൺട്രോൾ സെല്ലിൽനിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കാൻ ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് ജില്ല മെഡിക്കൽ ഓഫിസർ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന ദിവസംവരെ വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കുകയും കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആർക്കും ലക്ഷണങ്ങളില്ല; പരിശോധന ഫലം ഇന്ന്
മലപ്പുറം: നിപ സമ്പർക്കപട്ടികയിൽ മലപ്പുറം ജില്ലയിൽനിന്ന് ഉൾപ്പെട്ട 23 പേരുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ല. പരിശോധന ഫലം ശനിയാഴ്ച അറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.