നിപ: മാസ്ക് അണിഞ്ഞ് കണ്ണൂർ
text_fieldsകണ്ണൂർ: കോഴിക്കോട്ട് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം തീർത്ത് കണ്ണൂർ. നഗരത്തിലെത്തിയവരിൽ ഏറെയും മാസ്ക് ധരിച്ചിരുന്നു. ട്രെയിനുകളിലും ബസുകളിലും മാസ്ക് ധരിച്ചവർ നിരവധി. വൈറസ് ഭീതി നിലനിൽക്കുന്ന കുറ്റ്യാടി, വടകര മേഖലയിൽ സഞ്ചരിക്കുന്നവർ മാസ്ക് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. കോവിഡ് ഭീതിയൊഴിഞ്ഞ ശേഷം ആദ്യമായാണ് ജില്ലയിൽ മാസ്ക് ഉപയോഗം വർധിച്ചത്. മാസ്ക് അന്വേഷിച്ച് കടകളിലെത്തുന്നവരുടെ എണ്ണവും കൂടി. കുറ്റ്യാടി മേഖലയിൽ രണ്ടുപേർ മരിച്ചത് നിപ വൈറസ് ബാധയെ തുടർന്നാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. കുറ്റ്യാടിയുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് പാനൂരും പെരിങ്ങത്തൂരും തലശ്ശേരിയും അടക്കമുള്ള പ്രദേശങ്ങൾ.
കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിലും ആരോഗ്യപ്രവർത്തകർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും വിവരം അറിയിക്കാനും നിർദേശമുണ്ട്. നിലവിൽ ലക്ഷണങ്ങളുമായി ആരും ചികിത്സയിലില്ല. നിപ ബാധിച്ച് മരിച്ച കുറ്റ്യാടി സ്വദേശിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് ബുധനാഴ്ച പുറത്തിറക്കി. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ അടക്കം ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലാ യവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ഇതിൽ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.
മാഹി മേഖലയിൽ മാസ്ക് ധരിക്കണം
മാഹി: കോഴിക്കോട് ജില്ലയിൽ ഏതാനും പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ മാഹിയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും സമീപപ്രദേശം എന്ന നിലയിൽ മാഹിയിലും ആരോഗ്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അറിയിച്ചു. എല്ലാവരും മാസ്ക് ധരിക്കണമെന്നും അനിവാര്യമല്ലാത്ത ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആർ.എ നിർദേശിച്ചു. മാഹി ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ചതും കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആർ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.