നിപ: ഭാവിയെന്താവും, ഞങ്ങൾക്ക് ആശങ്കയുണ്ട്, പരിഹാരം കണ്ടെത്തണം
text_fieldsകോഴിക്കോട്: തുടരെത്തുടരെ നിപയെന്ന മാരക വൈറസ് അപ്രതീക്ഷിതമായി മനുഷ്യജീവനുകൾ കവർന്നെടുക്കുമ്പോൾ തങ്ങളുടെ ഭാവിയെന്താവുമെന്ന ആശങ്കയിലാണ് കുറ്റ്യാടിപ്പുഴയുടെ ഇരു തീരങ്ങളിലുമുള്ള ജനം. 2018ൽ ആദ്യമായി നിപ സ്ഥിരീകരിച്ച ചങ്ങരോത്ത് സൂപ്പിക്കടയും ഇപ്പോൾ മൂന്നു പേർക്ക് രോഗം വന്ന മരുതോങ്കര കള്ളാട്ടും കുറ്റ്യാടിപ്പുഴയുടെ ഇരു വശങ്ങളിലായുള്ള പ്രദേശങ്ങളാണ്. അഞ്ചു വർഷം മുമ്പ് നിനച്ചിരിക്കാതെ ഒരു കുടുംബത്തിലെ നാലു ജീവനുകളാണ് നിപ കവർന്നത്. രണ്ടാഴ്ച മുമ്പ് കള്ളാട്ട് മുഹമ്മദലി മരണത്തിന് കീഴടങ്ങുമ്പോഴും മാരക വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് ആ കുടുംബത്തിലെ നാലു പേർക്കുകൂടി വിചിത്ര ലക്ഷണങ്ങൾ കണ്ടെത്തിയപ്പോഴാണ് ആരോഗ്യ വകുപ്പ് അപകടം തിരിച്ചറിഞ്ഞത്. ഇത് മേഖലയുടെ ഉള്ളകം പിടിച്ചുലക്കുന്നു. 2018ൽ ചങ്ങരോത്ത് പഞ്ചായത്തിലും സമീപ പ്രദേശത്തുനിന്നും ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ ഭൂരിഭാഗത്തിലും നിപ സാന്നിധ്യം ഉണ്ടായിരുന്നു. അതിനുശേഷമുള്ള വർഷങ്ങളിൽ കോവിഡ് ഭീതിയിൽ ജനം ജാഗ്രതയിൽ ആയിരുന്നതിനാലാവാം വവ്വാലുകളുടെ പ്രജനന കാലത്ത് നിപ പിടിപെടാതിരുന്നതെന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്. മേഖലയിൽനിന്ന് ഇത്തരത്തിൽ തുടർച്ചയായി നിപ സ്ഥിരീകരിക്കുന്നത് വളരെ ഗൗരവത്തോടെ പഠനവിധേയമാക്കാനും ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും ആരോഗ്യ വകുപ്പ് മുൻകൈയെടുക്കണമെന്നും ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ആവശ്യപ്പെട്ടു.
മേഖലയിൽ വവ്വാലുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. തുടരെത്തുടരെ മാരക രോഗം ഒരു മേഖലയെ കീഴ്പ്പെടുന്നതിന് പിന്നിലെ കാരണം കൃത്യമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എങ്ങനെയാണ് രോഗം പകരുന്നതെന്നും അതിന് പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. ഇതു ചെയ്തില്ലെങ്കിൽ ഒരു നാടിന്റെ ജീവനും സമ്പത്തിനും അത് കനത്ത ആഘാതമായിരിക്കും ഏല്പിക്കയെന്നും നാട്ടുകാർ പറയുന്നു. മരുതോങ്കരയിലെ രോഗിയുമായി സമ്പർക്കമുള്ളവർ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ഒന്ന്, രണ്ട്, ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.