വരി നിൽക്കേണ്ട, വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാം; 311 ആശുപത്രികളിൽ ഒാൺലൈൻ ക്രമീകരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 311 ആശുപത്രികളിൽ ഒാൺലൈനായി ഒ.പി ടിക്കറ്റെടുക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇ ഗവേണന്‍സ് സേവനങ്ങള്‍ നൽകാനായി ആരോഗ്യവകുപ്പ് രൂപം നല്കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയാണ് മുന്‍കൂട്ടി അപ്പോയിൻമെൻറ് എടുക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിൻറിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയിൻമെൻറ് സംവിധാനം അതുപോലെ തുടരും.
ഒരാളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഉള്‍ക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പറും (യുനീക് ഹെൽത്ത് െഎ.ഡി) ഈ വെബ്പോര്‍ട്ടല്‍ വഴി കിട്ടും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലെയുള്ള റഫറല്‍ ആശുപത്രികളിലേക്ക് അപ്പോയിൻമെൻറ് എടുക്കാന്‍ റഫറന്‍സ് ആവശ്യമാണ്.
യുനീക് ഹെല്‍ത്ത് ഐ.ഡി എടുക്കാം
ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന്, ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒ.ടി.പി വരും. ഈ നമ്പർ നല്കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കാം. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആശുപതികളിലേക്ക് നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയിൻമെൻറ് എടുക്കാം.
എങ്ങനെ അപ്പോയിൻമെൻറ് എടുക്കാം
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിൻമെൻറ് ക്ലിക് ചെയ്യണം. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെൻറും തെരഞ്ഞെടുക്കുക. തുടര്‍ന്ന്, അപ്പോയിൻമെൻറ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാം. തുടര്‍ന്ന്, ടോക്കണ്‍ പ്രിൻറുമെടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ് ആയും ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.