'ഒരു വൈറസിനെയും സ്വാഗതം ചെയ്യില്ല'; ബോൽസൊനാരോയുടെ 'ഒമിക്രോൺ' പ്രസ്താവനയെ തള്ളി ഡബ്ല്യു.എച്ച്.ഒ ഉദ്യോഗസ്ഥൻ
text_fieldsബ്രസീലിയ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ബ്രസീൽ പ്രസിഡൻറ് ജെയർ ബോൽസൊനാരോയുടെ പ്രസ്താവനകൾ തള്ളി ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്ക് റയാൻ. ഒമിക്രോൺ വകഭേദം സ്വാഗതാർഹമാണെന്നും അത് മഹാമാരിയുടെ അന്ത്യം വരെ കൊണ്ടുവന്നേക്കാമെന്നുമായിരുന്നു ബോൽസൊനാരോ പറഞ്ഞത്.
എന്നാൽ, ഒരാൾക്ക് ബാധിക്കുന്ന വൈറൽ അണുബാധയെന്ന നിലക്ക് ഒമിക്രോണിന് കാഠിന്യം കുറവാണെങ്കിലും, അതൊരു നിസാര രോഗമാണെന്ന് പറയാനാകില്ലെന്ന് മൈക്ക് റയാൻ വ്യക്തമാക്കി. ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ബ്രസീലിയൻ പ്രസിഡന്റിന്റെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിലാണ്, ബ്രസീലിലെ ഒമിക്രോൺ വ്യാപനത്തെ വലിയ കാര്യമാക്കുന്നില്ലെന്ന തരത്തിൽ ബോൽസൊനാരോ സംസാരിച്ചത്.
ലോകമെമ്പാടുമായി നിരവധിയാളുകൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിക്കൊണ്ട് ആശുപത്രികളിലും െഎ.സി.യുകളിലും കിടക്കുകയാണ്. അത് തന്നെ ഇതൊരു നിസാര രോഗമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. -മൈക്ക് റയാൻ പറഞ്ഞു.
''വാക്സിനെടുക്കുന്നതിലൂടെയും ശക്തമായ വ്യക്തിഗത മുൻകരുതലുകൾ എടുക്കുന്നതിലൂടെയും തടയാൻ കഴിയുന്ന രോഗമാണിത്. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇത് പരാജയം സമ്മതിക്കാനോ, വിട്ടുവീഴ്ച്ച ചെയ്യാനോ ഉള്ള സമയമല്ല. അതിനെ ഒരു സ്വാഗതാർഹമായ വൈറസായി പ്രഖ്യാപിക്കാനും പാടില്ല. ആളുകളെ കൊല്ലുന്ന ഒരു വൈറസിനെയും സ്വാഗതം ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ച്, മരണനിരക്കും മറ്റ് ബുദ്ധിമുട്ടുകളും പ്രതിരോധ കുത്തിവയ്പ്പിന്റെ ഉചിതമായ ഉപയോഗത്തിലൂടെ തടയാനാകുന്ന സാഹചര്യത്തിൽ'' - അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.