നോറോ വൈറസ്: ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്‍റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്‍റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് നോറ വൈറസ്
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്‍റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങള്‍
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും.
രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം
വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.