പനിച്ചൂടിൽ പൊള്ളി കൊല്ലം; ഡെങ്കിയും എലിപ്പനിയും കോവിഡും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു
text_fieldsകൊല്ലം: പലവിധ പനിച്ചൂടിൽ പൊള്ളിവിറക്കുന്ന ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും കോവിഡും രൂക്ഷമാകുന്നു. ജില്ലയിൽ ഈ വർഷം ഇതുവരെ 119 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 50 പേരിൽ രോഗം കണ്ടെത്തിയത് ഇക്കഴിഞ്ഞ ആഴ്ചയിലാണ്. വെള്ളിയാഴ്ച മാത്രം 26 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ശനിയാഴ്ച 12ഉം. ഇടവിട്ട് എലിപ്പനിയും വ്യാപകമാകുന്നതായാണ് കാണുന്നത്. ഇതിനുപുറമെയാണ് കോവിഡിന്‍റെ കുതിപ്പ്. ശനിയാഴ്ഴ്ച 287 േപർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടികളിൽ കണ്ടുവരുന്ന തക്കാളിപ്പനി പകർച്ച ആഴ്ചകൾക്ക് ശേഷം നേരിയ തോതിൽ കുറയുന്നു എന്നതാണ് ഇതിനിടയിൽ ഏക ആശ്വാസം.
എന്തുതരം പനിയാണെന്ന് പോലും അറിയാനാകാത്ത സ്ഥിതിയിൽ സ്വയം ചികിത്സ നടത്തരുതെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. കഴിഞ്ഞ ആഴ്ച ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ മരിച്ച അധ്യാപകൻ യഥാസമയം ചികിത്സ തേടാതിരിക്കുകയും ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗം മൂർഛിക്കുകയുമായിരുന്നു. കൊല്ലം നഗരപരിധിയിലെ വാടി, ശക്തികുളങ്ങര, മുണ്ടയ്ക്കൽ ഭാഗങ്ങളിലാണ് ജില്ലയിൽ ഡെങ്കിപ്പനി കൂടുതലായി കാണുന്നത്. എലിപ്പനിയാകട്ടെ കോർപറേഷൻ മേഖല കൂടാതെ നെടുമ്പന, കിഴക്കൻ പ്രദേശങ്ങളായ അഞ്ചൽ, പിറവന്തൂർ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പനികൾ ആളുകൾക്ക് വലിയ 'പണി' ആകുന്നതിനിടയിലാണ് കോവിഡും വലിയതോതിൽ പടരുന്നത്.
രണ്ടു ദിവസത്തിൽ കൂടുതൽ പനി തുടർന്നാൽ ഡോക്ടറുടെ സേവനം തേടുകയും നിർദേശം അനുസരിച്ച് പരിശോധന നടത്തുകയും വേണം. കോവിഡ് വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണം. കൊതുക് നശീകരണം ഉൾപ്പെടെ പ്രതിരോധ മാർഗങ്ങൾ മുറുകെപ്പിടിച്ചാലേ പനിച്ചൂടിന് കുറവുണ്ടാകൂവെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.
കൊതുക് 'വളർത്താതെ' ഡെങ്കി തടയാം
ഇൻഡോർ ചെടികളുടെ ചട്ടികളിൽ വെള്ളം കെട്ടിക്കിടക്കുന്നത്, പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ടയർ ഉൾപ്പെടെ സാധനങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് എന്നിങ്ങനെ സാഹചര്യങ്ങൾ ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണ്. തീരദേശ മേഖലകളിൽ കിണറുകളുടെ പരിസരങ്ങളിലാണ് കൊതുകുകളെ കൂടുതലായി കണ്ടെത്തുന്നത്.
വൈറസിനെ വഹിക്കുന്ന കൊതുകുകൾ മുട്ടയിട്ടുണ്ടാകുന്ന കൊതുകുകളും വൈറസ് വാഹകരായിരിക്കും. ഇവ 700 മീറ്റർ വരെ പറന്നെത്തുന്നതിനാൽ പരിസരത്തെ വലിയൊരു വിഭാഗം ആളുകളിലും രോഗം പടരുന്നു.
ഉറവിട നശീകരണത്തിലൂടെ മാത്രമേ കൊതുക് മുട്ടയിട്ട് പെരുകുന്നതും ഡെങ്കി പകരുന്നതും തടയാനാകൂ.
ഇത് എല്ലാ ആഴ്ചയും ചെയ്യണമെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു. ജില്ലയിൽ വലിയൊരു വിഭാഗത്തിന് അവർ പോലും അറിയാതെ ഡെങ്കി ബാധവന്നുപോയി എന്നാണ് പഠനം പോലും പറയുന്നത്. അത്തരക്കാരിൽ വീണ്ടും രോഗബാധയുണ്ടായാൽ സ്ഥിതി ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.
ഹൈറിസ്കുകാരെ തേടി എലിപ്പനി
ചളിവെള്ളവുമായി സമ്പർക്കമുള്ളവർ, തൊഴിലുറപ്പ് തൊളിലാളികൾ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ എന്നിങ്ങനെ ഹൈറിസ്ക് വിഭാഗക്കാരാണ് എലിപ്പനി ബാധയുമായി ആശുപത്രികളിൽ എത്തുന്നത്. ഇത്തരം വിഭാഗക്കാർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ആഴ്ചയിലൊരിക്കൽ ഡോക്സി സൈക്ലിൻ എന്ന പ്രതിരോധ ഗുളിക നിർബന്ധമായും കഴിക്കണം. എല്ലാ പി.എച്ച്.സികളിലും ഗുളിക ലഭ്യമാണ്.
കുട്ടികളിൽ പടർന്ന് തക്കാളിപ്പനി
ഹാൻഡ്, ഫുട് ആൻഡ് മൗത്ത് ഡിസീസ് എന്ന പേരിലറിയപ്പെടുന്ന തക്കാളിപ്പനി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ. ഒരു ദിവസംതന്നെ 20 കുട്ടികൾക്ക് വരെ അസുഖം റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയുമുണ്ടായി. കൈയിലും കാലിലും വായിലും ചുവന്ന കുമിളകൾ വരുന്ന വൈറസ് രോഗം തൊട്ടാൽ പകരുന്നതാണ്. അതിനാൽ പനി ലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിൽ വിടരുത്.
ഡെങ്കി പരിശോധന സൗജന്യം
ജില്ലയിൽ ഇപ്പോൾ പലതരം പനികളാണ് പടരുന്നത്. കൊതുക് നശീകരണത്തിന് വീട്ടിലും പരിസരത്തും തൊഴിൽ സ്ഥലത്തും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കൊതുകിന്റെ സാന്നിധ്യം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഉള്ളവർ രണ്ടു ദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ വൈറൽ ഫീവർ എന്ന നിഗമനത്തിൽ ചികിത്സ തേടാതെയിരിക്കരുത്. കൊല്ലം പബ്ലിക് ഹെൽത്ത് ലാബിൽ ഉൾപ്പെടെ എല്ലാ സെന്റിനൽ ലാബിലും ഡെങ്കി പരിശോധന സൗജന്യമാണ്.
ഡോ. ആർ. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.