തിരൂർ ജില്ല ആശുപത്രിക്ക് ഒരു പൊൻതൂവൽ കൂടി; ഹീമോഫീലിയ ബാധിതന്റെ അസ്ഥി ശസ്ത്രക്രിയ വിജയകരം
text_fieldsതിരൂർ: പിറകിൽനിന്ന് കൂട്ടുകാരൻ കൈയിലേക്ക് മറിഞ്ഞുവീണതിനെ തുടർന്ന് കൈമുറിഞ്ഞത് കണ്ട മകൻ മുഹമ്മദ് നിഹാലിനെ കണ്ട് പിതാവ് വെട്ടം സ്വദേശി നിസാർ ആകെ വിഷമത്തിലായി.
മുറിവായാൽ രക്തം നിലക്കാൻ പ്രയാസമുള്ള ഹീമോഫീലിയ രോഗിയാണ് മകൻ. എസ് രൂപത്തിലായ മകന്റെ കൈ കണ്ടാൽ കയ്യിലെ അസ്ഥികൾ പൊട്ടിയെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ ചികിത്സക്ക് മരുന്നുകളുടെയും ചികിത്സയുടെയും ചെലവ് ലക്ഷങ്ങൾ വരും. ഏറ്റവും കൂടുതൽ ഹീമോഫീലിയ ബാധിതരുള്ള മലപ്പുറം ജില്ലയിലെ ജില്ലതല ഡേ കെയർ സെന്റർ തിരൂർ ജില്ല ആശുപത്രിയിലാണ്.
നോഡൽ ഓഫിസർ ഡോ. ജാവേദ് അനീസിനെ ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മകൻ നിഹാലുമായി പിതാവ് നിസാർ ആശുപത്രിയിലെത്തി. അവിടെ വെച്ച് രക്തപ്രവാഹം നിലക്കാനുള്ള ഫാക്ടർ-എട്ട് മരുന്നുകൾ നൽകി. എക്സ്റേ എടുത്തു. പ്രതീക്ഷിച്ചത് പോലെ തന്നെ വലതുകൈയിലെ രണ്ടു അസ്ഥികളും ഒടിഞ്ഞിരുന്നു. ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായ അസ്ഥിരോഗ വിദഗ്ധൻ ഡോ. ഇർഫാനും ഡോ. ജാവേദും ചേർന്ന് അസ്ഥി പൊട്ടി അകന്നത് വലിച്ചിടാൻ പരിശ്രമിച്ചു. രണ്ടു തവണ ശ്രമിച്ചിട്ടും ഫലം കിട്ടിയില്ല. ഇതേ തുടർന്ന് സർജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അസ്ഥിരോഗ വിഭാഗം ഡോ. സജീവ് തിരൂർ ജില്ല ആശുപത്രിയിലെത്തി ഓപറേഷന് നേതൃത്വം നൽകി. ആവശ്യമുള്ള 30,000 യൂനിറ്റ് ഫാക്ടർ -എട്ട് മരുന്നും മറ്റു മരുന്നുകളും ആശാധാര പദ്ധതി വഴി തിരൂർ ജില്ല ആശുപത്രിയിലെ ജില്ലതല ഡേ കെയർ സെൻററിൽനിന്ന് ലഭിച്ചു.
അനസ്തേഷ്യ വിഭാഗത്തിന്റെ സഹകരണം കൂടി ആയപ്പോൾ ഫെബ്രുവരി രണ്ടിന് തിരൂർ ജില്ല ആശുപത്രിയിൽ വെച്ച് ഡോ. കെ.ടി. സജീവ്, ഡോ. സി.എം. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഡോ. ഗിരിജ, ഡോ. ആരതി, ഡോ. ഫാസിൽ, ഡോ. അൻവർ എന്നിവരടങ്ങിയ അനസ്തേഷ്യ ടീം ജനറൽ അനസ്തേഷ്യ നൽകി.
സംസ്ഥാനത്ത് മെഡിക്കൽ കോളജുകൾക്ക് പുറത്ത് ആരോഗ്യ വകുപ്പിന് കീഴിൽ ഹീമോഫീലിയ ബാധിതർക്കുള്ള അസ്ഥിശസ്ത്രക്രിയ ചെയ്ത ആദ്യത്തേതായി ഇതോടെ തിരൂർ ജില്ല ആശുപത്രി മാറി. രക്തം കട്ടപിടിക്കാൻ പ്രയാസം നേരിടുന്ന രോഗമായ ഹീമോഫീലിയ ബാധിതർക്കായുള്ള ജനറൽ സർജറി ശസ്ത്രക്രിയകൾ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥിരമായി ചെയ്യുന്ന പ്രഥമ ആശുപത്രിയും ഇതാണ്.
ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂർ പിന്നിട്ടപ്പോഴും കാര്യമായ ബ്ലീഡിങ്ങോ വേദനയോ ഇല്ലാത്തതിൽ സന്തുഷ്ടനാണ് നിഹാൽ മോൻ. ഇനിയും രണ്ടാഴ്ചയോളം ഫാക്ടർ മരുന്നുകൾ എടുക്കേണ്ടതുണ്ട്. ഈ മാതൃക സംസ്ഥാനത്തെ മറ്റു ജില്ല, ജനറൽ ആശുപത്രികളും സ്വീകരിക്കുകയാണെങ്കിൽ ലക്ഷങ്ങൾ മുടക്കി ചെയ്യേണ്ട ശസ്ത്രക്രിയകളുടെ സാമ്പത്തിക ബാധ്യതയിൽനിന്ന് മോചനം ലഭിക്കുമായിരുന്നെന്ന് ഹീമോഫീലിയ ബാധിതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.