ഒമിക്രോൺ വകഭേദം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതെന്ന് പഠനം
text_fieldsകോവിഡിന്റെ ഒമിക്രോൺ വകഭേദങ്ങൾ മനുഷ്യരിൽ ഉണ്ടായതല്ലെന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാവാമെന്നും പുതിയ പഠനം. ഒമിക്രോണിന്റെ രോഗവ്യാപനത്തിന് സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിലുണ്ടായ നിരവധി വ്യതിയാനങ്ങൾ തിരിച്ചറിയാൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം വ്യതിയാനങ്ങൾ എലികളുടെ സെൽ റിസപ്റ്ററുമായി (കോശങ്ങളിൽ പ്രോട്ടീനുകളെ കൊണ്ട് നിർമിച്ച രാസഘടനയാണ് റിസപ്റ്റർ. ഇവയാണ് വൈറസുകളിലുണ്ടാകുന്ന സ്പൈക്ക് പ്രോട്ടീനുകളുമായി കൂടിച്ചേർന്ന് രോഗ ബാധക്കിടവരുത്തുന്നത്.) യോജിക്കുന്നവയും മനുഷ്യ സെല്ലിലെ റിസപ്റ്ററുമായി യോജിക്കാത്തവയുമാണ്. അതിനർഥം മൃഗങ്ങളിൽ ഒമിക്രോൺ വ്യാപിക്കുകയും നിരവധി തവണ മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്ത ശേഷമാകാം ഇവ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതെന്നാണ്.
പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് പുതിയ കണ്ടെത്തലുള്ളത്.
രോഗാണുക്കളായ വൈറസുകളെ സ്വീകരിക്കുന്ന കോശങ്ങളായ ഹോസ്റ്റുകളുടെ റിസപ്റ്ററുമായി കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ബന്ധിക്കപ്പെടുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
ഹോസ്റ്റിൽ അണുബാധയുണ്ടാക്കിയ ശേഷം, സ്പൈക്ക് പ്രോട്ടീൻ ഹോസ്റ്റിന്റെ റിസപ്റ്ററുമായി യോജിക്കുന്നു.
ഗവേഷകർ ഒമിക്രോൺ വകഭേദത്തിന്റെ വിശദമായ ഘടനാപരമായ വിശകലനം നടത്തിയ ശേഷമാണ് നിഗമനത്തിലെത്തിയത്.
ഒമിക്രോൺ വകഭേദത്തിന് നിരവധി വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് ഒരു മൃഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ സംഭവിച്ചതാണ്. ഈ വ്യതിയാനങ്ങളാണ് വൈറസിന്റെ പരിണാമത്തിന്റെ അടയാളങ്ങളെന്നും
യു.എസിലെ മിനസോട്ട സർവകലാശാലയിൽ ഗവേഷകനും പ്രബന്ധ രചയിതാക്കളിൽ പ്രധാനിയുമായ ഫാങ് ലി പറഞ്ഞു.
ഗവേഷകർ വിശദമായി നടത്തിയ ഘടനാപരമായ നിരീക്ഷണങ്ങൾ സൂക്ഷ്മമായ ഈ പരിണാമങ്ങളെ കണ്ടെത്താൻ സഹായിച്ചുവെന്ന് ലി പറഞ്ഞു. കോവിഡ് 19 വൈറസിന് നിരവധി മൃഗങ്ങളെ ബാധിക്കാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. അതാണ് ഇവക്ക് നിരവധി വകഭേദങ്ങൾ ഉയർന്നുവരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഭാവിയിൽ പുതിയ കോവിഡ് 19 വകഭേദങ്ങൾ ഉണ്ടാകുന്നത് തടയാൻ എലികളിൽ കോവിഡ് പകർച്ചവ്യാധി എങ്ങനെയാണെന്നതിന്റെ നിരീക്ഷണം പ്രധാനമാണെന്നും ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു -അവർ പറഞ്ഞു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസുകൾ ആഗോള ആരോഗ്യത്തിന് ഭീഷണിയായി തുടരും. മനുഷ്യരിൽ വ്യാപിച്ച എല്ലാ കൊറോണ വൈറസുകളും മൃഗങ്ങളിൽ നിന്നാണ് വന്നതെന്നാണ് നിഗമനമെന്നും ലി പറഞ്ഞു.
മനുഷ്യരിലെ കൊറോണ വൈറസുകളെയും മൃഗങ്ങളിലെ കൊറോണ വൈറസുകളെയും ലക്ഷ്യമിട്ടുകൊണ്ട് ചികിത്സാരീതികൾ വികസിപ്പിച്ച് നിലവിലുള്ളതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ കൊറോണ വൈറസ് മഹാമാരിയെ നേരിടാമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. അതിനായി ഞങ്ങൾ പ്രവർത്തിക്കുന്നുവെന്നും ഫാങ് ലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.