ഒമിക്രോണിനെ ഇനിയും നിസ്സാരമാക്കരുതേ...; ജാഗ്രത കുറവ് ആപത്താകും; തെറ്റായ വിവരങ്ങൾക്കെതിരെ ഡബ്ല്യു.എച്ച്.ഒ
text_fieldsജെനീവ: കോവിഡിനെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). തെറ്റായ വിവരങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളാണ് ആഗോളതലത്തിൽ കോവിഡിന്‍റെ സമീപകാല കുതിപ്പിന് ആക്കം കൂട്ടുന്നതെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഒരിടവേളക്കുശേഷം ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ റെക്കോഡ് വർധന രേഖപ്പെടുത്തിയിരുന്നു. ഒമിക്രോൺ വകഭേദമാണ് ഇവിടങ്ങളിൽ വ്യാപിക്കുന്നത്. ഒമിക്രോണിനെ കുറിച്ചുള്ള മൂന്ന് തെറ്റായ വിവരങ്ങളും ഡബ്ല്യു.എച്ച്.ഒ ടെക്നിക്കൽ തലവ മരിയ വാൻ കെർഖോവെ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി അവസാനിച്ചു, ഒമിക്രോൺ മൃദുവാണ്, ഇത് അവസാന വകഭേദമാണ് എന്നീ തെറ്റായ വിവരങ്ങളാണ് ലോകത്ത് വൈറസ് തഴച്ചുവളരാൻ കാരണമാകുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. നിസ്സാരമായി കാണരുത്. തെറ്റായ വിവരങ്ങൾ ഒരുപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അവർ വ്യക്തമാക്കി. മരണനിരക്ക് കുറക്കാനും കോവിഡ് രൂക്ഷമാകുന്നത് തടയാനും വാക്സിൻ തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇതുവരെയുള്ളതിൽ ബി.എ രണ്ട് വകഭേദത്തിനാണ് വ്യാപനശേഷി കൂടുതലെന്നും ഡബ്ല്യു.എച്ച്.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ആഗോളതലത്തിലുണ്ടായ കേസുകളുടെ വർധന കണക്കിലെടുത്ത്, കോവിഡ് ലോകത്തുനിന്ന് അപ്രത്യക്ഷമാകാൻ സമയമെടുക്കുമെന്ന സൂചന തന്നെയാണ് ഡബ്ല്യു.എച്ച്.ഒ നൽകുന്നത്. ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽനിന്ന് എട്ടു ശതമാനത്തിന്‍റെ വർധനയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 1.10 കോടി പുതിയ രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.