ലോകത്ത് ആറിലൊരാൾക്ക് വന്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന
text_fieldsലോകത്താകമാനം ആറിലൊരാൾ ജീവിതകാലം മുഴുവൻ വന്ധ്യത അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. 17.5 ശതമാനം മുതിർന്ന ആളുകൾ വന്ധ്യത അനുഭവിക്കുന്നുണ്ട്. ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വന്ധ്യത ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 17.8 ശതമാനവും വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ 16.5 ശതമാനവുമാണ്.
ഈ കണക്കുകൾ വന്ധ്യതക്ക് ലോക വ്യാപകമായി തന്നെ നല്ല ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ലോകാരോായ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രൊസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.
വന്ധ്യതക്ക് സമ്പന്ന രാജ്യങ്ങളെന്നോ ദരിദ്ര രാജ്യങ്ങളെന്നോ വ്യത്യാസമില്ല. അതിനാൽ ഉന്നത നിലവാരമുള്ള, സാധാരണക്കാർക്ക് താങ്ങാവുന്ന വന്ധ്യതാ ചികിത്സക്കായി കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും സംഘടനയുടെ റിപ്പോർട്ടിലുണ്ട്.
ആരോഗ്യ ഗവേഷണങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും വന്ധ്യതാ ചികിത്സ ഒഴിവാക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തുന്നതുവഴി കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് ഡബ്ല്യു. എച്ച്.ഒ പറഞ്ഞു.
പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യുത്പാദന ശേഷിയിലുണ്ടാകുന്ന അസുഖമാണ് വന്ധ്യത. 12 മാസവും അതിലേറെയും ശ്രമിച്ചിട്ടും ഗർഭിണിയാകുന്നില്ലെങ്കിൽ വന്ധ്യതയെ ശ്രദ്ധിക്കേണ്ടതുണ്ട്. വന്ധ്യത അനുഭവിക്കുന്നവർക്ക് മാനസിക സമ്മർദം, ഒറ്റപ്പെടൽ, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുകയും അത് അവരുടെ മാനസിക -ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വന്ധ്യത കണ്ടെത്താനും ചികിത്സിക്കാനും വൻ ചെലവാണ്. വന്ധ്യതാ ചികിത്സയായ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) പോലുള്ള സൗകര്യങ്ങൾ വലിയ ചെലവു വരുന്നതും അതിനാൽ നിരവധി പേർക്ക് ലഭ്യമല്ലാത്തതുമാണ്. ഒരു തവണ ഐ.വി.എഫ് നടത്തണമെങ്കിൽ പോലും രോഗികൾക്ക് അവരുടെ ശരാശരി വാർഷിക വരുമാനത്തേക്കാൾ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.