നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സാമ്പിൾ പരിശോധനക്കയച്ചു
text_fieldsമലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ ഐസൊലേഷനിൽ ആക്കി നിരീക്ഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല ദുരന്തനിവാരണ അതോറിറ്റി, ജില്ല കലക്ടർ വി.ആർ. പ്രേം കുമാറിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യത്തെ നേരിടാനായി കർമ്മ പദ്ധതി തയാറാക്കി.
യോഗത്തിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പകൾ, മഞ്ചേരി മെഡിക്കൽ കോളേജ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊലീസ്, ആയുഷ്, ഹോമിയോ, വനിതാ-ശിശു വികസന വകുപ്പ്, ഐ.സി.ഡിഎസ് തുടങ്ങിയവയുടെ വകുപ്പ് മേധാവികൾ പങ്കെടുത്തു.
നിപ രോഗ പ്രതിരോധ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസിൽ പ്രത്യേക നിപ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു. രോഗ ലക്ഷണങ്ങളോ സമ്പർക്ക സാധ്യതയുള്ളവരോ സംശയനിവാരണത്തിനോ സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 04832734066. കൂടാതെ അടിയന്തിര സാഹചര്യം നേരിടാനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ആരംഭിച്ചിട്ടുണ്ട്. 108 ആംബുലൻസ് സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
2018ൽ മലപ്പുറത്ത് നിപ രോഗബാധയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിൽ 12 വയസ്സുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രത നിർദേശമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.