ആലപ്പുഴയില്‍ ഒരാൾക്ക് എംപോക്‌സ് രോഗലക്ഷണം
text_fieldsഅമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതിനായി പ്രത്യേകം വാര്‍ഡ് തുറന്നിട്ടുണ്ട്. മൂന്നുദിവസം മുൻപാണ് 12 കിടക്കകളുള്ള പ്രത്യേക വാർഡ്തുറന്നത്. വാർഡിൽ ആദ്യമായാണ് എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്. പരിശോധനാ ഫലം കിട്ടിയാലേ എംപോക്സാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
അതേസമയം, എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ചു. യുവതിക്ക് ചിക്കൻപോക്സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നെത്തിയ മുപ്പത്തിയൊന്നുകാരിയാണ് എം പോക്സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നത്. സെപ്റ്റംബർ ഒന്നിനാണ് ഇവർ അബൂദബിയിൽ നിന്ന് നാട്ടിലെത്തിയത്. പിന്നാലെ യുവതിയും ഭര്‍ത്താവും നിരീക്ഷണത്തിലായിരുന്നു. യുവതിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് സമാന രോഗ ലക്ഷണങ്ങൾ ഉണ്ടാവുകയും പിന്നീട് അത് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
നേരത്തെ, ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.