അവയവദാന അനുമതി; കമ്മിറ്റി യാന്ത്രികമായി തീരുമാനമെടുക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: അവയവദാനത്തിനും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുമതി നൽകുന്ന ജില്ലതല കമ്മിറ്റി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായി യാന്ത്രിക തീരുമാനമെടുക്കരുതെന്ന് ഹൈകോടതി. ജില്ലതല കമ്മിറ്റി സ്വതന്ത്രമായി അന്വേഷിച്ച് വേണം അനുമതി നൽകാൻ. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള അപേക്ഷ കമ്മിറ്റി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ നിർദേശം. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് അനുകൂലമല്ലെന്ന കാരണത്താൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതി നിഷേധിച്ച എറണാകുളം ജില്ലതല സമിതിയുടെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച്, പത്തുദിവസത്തിനകം അപേക്ഷ വീണ്ടും പരിഗണിച്ച് അനുമതി നൽകാനും ഉത്തരവിട്ടു.കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയാണ് ഹരജിക്കാരന് വൃക്കനൽകാൻ തയാറായത്. ശസ്ത്രക്രിയക്ക് അനുമതി തേടിയുള്ള അപേക്ഷ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടില്ലാതെ പരിഗണിക്കാൻ നേരത്തേ ഹൈകോടതി പറഞ്ഞിരുന്നു.
എന്നിട്ടും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി അപേക്ഷ തള്ളി. തുടർന്ന് ഹരജിക്കാരന്റെ ഭാര്യ കേരള ലീഗൽ സർവിസ് അതോറിറ്റി (കെൽസ) ചെയർമാന് പരാതി നൽകി. അന്വേഷണത്തിൽ അവയവക്കച്ചവടമില്ലെന്നു കണ്ടെത്തി. റിപ്പോർട്ട് പരിഗണിച്ചാണ് 10 ദിവസത്തിനകം അവയവമാറ്റ ശസ്ത്രക്രിയക്ക് അനുമതി നൽകാൻ ഹൈകോടതി ഉത്തരവിട്ടത്. അവയവദാനത്തിനുപിന്നിൽ കച്ചവടമുണ്ടെന്ന സംശയവും സാങ്കേതികതയും പറഞ്ഞ് അനുമതി നിഷേധിക്കാനല്ല, മരണക്കിടക്കയിലുള്ള ഒരാളെ സഹായിക്കാനാണ് പൊലീസും കമ്മിറ്റിയും നോക്കേണ്ടത്. അനുമതി തേടിയുള്ള അപേക്ഷ പരിഗണിക്കുമ്പോൾ കമ്മിറ്റി ദൈവികമായ കർമമാണ് ചെയ്യുന്നത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നതെന്നും സർക്കാറിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇത്തരം അവയവദാനങ്ങളിൽ കച്ചവടം ഒഴിവാക്കാൻ ദാതാവും സ്വീകർത്താവും തമ്മിൽ ബന്ധപ്പെടുന്നത് തടയുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.