അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍
text_fieldsചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്.
മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെയും മസ്തിഷ്‌കമരണം സംഭവിച്ചയുടന്‍ അവയവമെടുക്കാന്‍ അനുവദിക്കുന്ന ബന്ധുക്കളുടെയും ത്യാഗസന്നദ്ധതയോടുള്ള ആദരസൂചകമായാണ് ഇത്.
അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്‌ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടിന്റെ കണക്കനുസരിച്ച് ഈവര്‍ഷം ഇതുവരെ 853 പ്രധാന അവയവങ്ങളും 631 ചെറിയ അവയവങ്ങളും മാറ്റിവെച്ചു.
ഈ പട്ടികയിൽ വൃക്കദാനമാണ് ഒന്നാമത്. 452 വൃക്കകളാണ് ഈവര്‍ഷം മാറ്റിവെച്ചത്. 94 ഹൃദയവും 208 കരളും 87 ശ്വാസകോശവും മാറ്റിവെച്ചു. തമിഴ്നാട്ടിൽ മരണാനനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
2023-ല്‍ 178 ശരീരങ്ങളാണ് ദാനംചെയ്തുകിട്ടിയത്. അവയില്‍നിന്ന് ആയിരത്തോളം അവയവങ്ങള്‍ ഉപയോഗിച്ചു. 2022-ല്‍ 156 ശരീരങ്ങളില്‍നിന്നായി 878 അവയവദാനം നടന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് 2020-ല്‍ 55 ശരീരങ്ങള്‍ മാത്രമാണ് ലഭിച്ചത്. അതില്‍നിന്ന് 368 അവയവങ്ങള്‍ ഉപയോഗപ്പെടുത്തി.
തമിഴ്നാട്ടിൽ 2008-ലാണ് മരണാനന്തര അവയവദാനപദ്ധതി തുടങ്ങിയത്. ഇതുവരെ 2053 പേരാണ് അവയവദാനം ചെയ്തത്. 12,104 അവയവദാനം നടന്നു. പദ്ധതിതുടങ്ങിയ 2008-ല്‍ ഏഴുശരീരങ്ങള്‍ മാത്രമായിരുന്നു ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.