ഓസ്റ്റിയോപൊറോസിസ്; കരുതിയിരിക്കാം
text_fieldsഅസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെറിയ വീഴ്ചയില്‍ പോലും ഗുരുതരമായ രീതിയില്‍ എല്ലുകള്‍ ഒടിയുന്നതുമായ സാഹചര്യമുണ്ടെങ്കില്‍ അത് ഓസ്റ്റിയോപൊറോസിസ് ആവാം. പലപ്പോഴും ലക്ഷണങ്ങള്‍ വലിയതോതില്‍ പ്രകടമാകാത്തതിനാല്‍ അവസ്ഥ ഗുരുതരമായ ശേഷം മാത്രമാണ് പലരും ഇത് തിരിച്ചറിയുന്നത്. അസ്ഥികളുടെ ആരോഗ്യത്തിനും നിലനിൽപിനും ആവശ്യമായ മിനറലുകള്‍ വളരെയധികം കുറഞ്ഞ് മിനറല്‍ സാന്ദ്രത നഷ്ടപ്പെടുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. പ്രാരംഭഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നതിനാല്‍ തന്നെ സൈലന്റ് ഡിസീസ് എന്നും ഈ അവസ്ഥ അറിയപ്പെടുന്നു.
സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസ് കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവ വിരാമം കഴിയുമ്പോഴേക്കും ഈസ്ട്രജന് അളവ് കുറയുന്നതിനാല്‍ വളരെ വേഗത്തില്‍ എല്ലുകള്‍ക്ക് ശോഷണം സംഭവിക്കുന്നതാണ് പ്രധാന കാരണം. എന്നാല്‍, കൂടിയ പ്രായത്തിലും ഹോര്‍മോണ്‍ അനുകൂലമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പുരുഷന്മാരില് ഈ രോഗാവസ്ഥ അനുഭവിക്കുന്നവര്‍ താരതമ്യേന കുറവാണ്.
പോഷകങ്ങളും വ്യായാമവും
സാധാരണ 30-35 വയസ്സുവരെയാണ് കഴിക്കുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ള ജീവിതശൈലിയില്‍നിന്ന് എല്ലുകള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുന്നത്. ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കില്‍ എല്ലുകള്‍ ബലപ്പെടുകയും അതുവഴി ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അസ്ഥിശോഷണം ഒഴിവാക്കാനും സാധിക്കും. എന്നാല്‍, ഈ പ്രായത്തിനുശേഷം അസ്ഥികളുടെ ആരോഗ്യത്തിനായി ഭക്ഷണം കഴിക്കുന്നത് അത്ര ഫലവത്തല്ല. പ്രായം 35 കടന്നശേഷം പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരരീതി കൊണ്ട് എല്ലുകളിലെ മിനറല്‍ സാന്ദ്രത മെച്ചപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ ചെറിയ പ്രായം മുതല്‍ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ വേണം.
കൈക്കുഴ, ഇടുപ്പ്, നട്ടെല്ല് എന്നിവിടങ്ങളില്‍ സംഭവിക്കുന്ന പൊട്ടലുകളാണ് ഓസ്റ്റിയോപെറോസിസ് ബാധിച്ചതിന്റെ ആദ്യ ലക്ഷണങ്ങളായി കാണാറുള്ളത്. പ്രാഥമിക ഘട്ടത്തില്‍ കൈക്കുഴയില്‍ പൊട്ടല്‍ സംഭവിച്ചേക്കാം. ഈ സമയത്തുതന്നെ കൃത്യമായ ചികിത്സയും പരിചരണവും നല്കിയാല് തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ആദ്യ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍ തന്നെ വേണ്ടവിധത്തില്‍ ചികിത്സിക്കാതിരിക്കുകയും ഓസ്റ്റിയോപെറോസിസ് കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ ഇടുപ്പ്, നട്ടെല്ല് പോലുള്ള പ്രധാന ഭാഗങ്ങളില്‍ അസ്ഥിക്ഷയം സംഭവിച്ച് പൊട്ടലുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.
കാരണങ്ങള്‍ ഇങ്ങനെ
ചികിത്സയുടെ ഭാഗമായി ദീര്‍ഘനാള്‍ ഒരേ രീതിയില്‍ കിടക്കുകയോ ശരീരചലനം കുറയുകയോ ചെയ്യുന്ന അവസ്ഥ എല്ലുകളെയും പേശികളെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇത് അസ്ഥികളിലെ മിനറലുകള്‍ നഷ്ടമാകാന്‍ കാരണമാകും. എന്നാല്‍, ശരീരചലനം പഴയ രീതിയിലേക്ക് തിരിച്ചുവരുന്നതോടെ ഇതില്‍ മാറ്റമുണ്ടാവുകയും ചെയ്യും. ഹൈപ്പര്‍ പാരാതൈറോയ്ഡിസം പോലെ പാരാതൈറോയ്ഡ് ഗ്രന്ധിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ബാധിക്കുന്നതും ഓസ്റ്റിയോപൊറോസിസ് ബാധിക്കാന്‍ ഇടയാകുന്നു. കാത്സ്യം ആഗിരണം ചെയ്യുന്നതിനും അത് വേണ്ടവിധത്തില്‍ ശരീരത്തില്‍ ഉപയോഗിക്കുന്നതിനും വൈറ്റമിന്‍ ഡി പ്രധാനമാണ്. എന്നാല്‍, വെയില് ഏല്ക്കുന്ന സാഹചര്യങ്ങള്‍ കുറവായതിനാല്‍ പുതിയ കാലത്ത് മിക്കവരിലും വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം കുറവാണ്. ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കിലും ഓസ്റ്റിയോപൊറോസിസ് സാധ്യത മുന്‍കൂട്ടി കാണണം. സന്ധിവാതം അനുഭവിക്കുന്നവരിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്.
പ്രോട്ടീനും വെയിലും
ചെറിയ പ്രായത്തില്‍ തന്നെ നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും ആവശ്യത്തിന് വ്യായാമവും ഉണ്ടെങ്കില്‍ അസ്ഥികളെ ബലപ്പെടുത്താന്‍ ഇത് ധാരാളമാണ്. ദിവസവും അല്പനേരമെങ്കിലും വെയിലേല്‍ക്കുന്നതും നല്ലതാണ്. 35 വയസിന് ശേഷം ഭക്ഷണത്തിലൂടെ മിനറല്‍ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കിലും പതിവായ വ്യായാമം കൊണ്ട് നിലവിലുള്ള ആരോഗ്യാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കും. നടത്തം, നീന്തല്‍ പോലുള്ളവ പതിവാക്കുന്നത് ഓസ്റ്റിയോപെറോസിസ് വരാതിരിക്കാനും പ്രായം കൂടിയവരില്‍ അതിന്റെ തീവ്രത കുറയ്ക്കാനും സഹായകമാകും. മരുന്നുകളും അനുബന്ധ ചികിത്സകളും സ്വീകരിച്ചുകൊണ്ട് ഓസ്റ്റിയോപൊറോസിസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ നിശ്ചിത കാലത്തേക്ക് തുടര്‍ച്ചയായി ചെയ്തെങ്കില്‍ മാത്രമേ ഫലം ലഭിക്കൂ. ഇതോടൊപ്പം വൈറ്റമിന്‍ ഡി, കാത്സ്യം സപ്ലിമെന്റുകളും ആവശ്യമാണ്. സന്ധികളിലെ തേയ്മാനം അല്ലെങ്കില്‍ ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് എന്നീ അവസ്ഥകള്‍ ഒന്നാണെന്ന തെറ്റിധാരണ രോഗികള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സന്ധിക്ക് തേയ്മാനം സംഭവിച്ചത് കാരണമുള്ള വേദനയും അസ്വസ്ഥതകളുമാണ് സന്ധികളിലെ തേയ്മാനം അല്ലെങ്കില്‍ ആര്‍ത്രൈറ്റിസ്. എന്നാല്‍ കാലക്രമേണ എല്ലുകളുടെ ബലം കുറഞ്ഞ്, ചെറിയ പ്രായത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതെ നിശബ്ദമായി അസ്ഥികളുടെ ആരോഗ്യം വലിയതോതില്‍ കുറയുന്നതാണ് ഓസ്റ്റിയോപൊറോസിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.