ഇന്ന് പാലിയേറ്റിവ് കെയർ ദിനം: പാലിയേറ്റിവ് കെയർ കേരളത്തിൽ
text_fieldsമരണാസന്ന രോഗിയുടെ ആരോഗ്യ സംരക്ഷണം മാത്രമല്ല കുടുംബത്തിന്റെ ഉന്നമനവും പാലിയേറ്റിവ് കെയറിന്റെ ലക്ഷ്യമാണ്. ആരോഗ്യ പുരോഗതിയിൽ ലോകരാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളം പാലിയേറ്റിവ് പരിചരണത്തിലും ഒട്ടും പിറകിലല്ല. പാലിയേറ്റിവ് കെയർ ദിനത്തിൽ ഡോക്ടർമാർ സംസാരിക്കുന്നു
ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നത് പ്രപഞ്ച സത്യമാണ്. ഈ മരണത്തെ അന്തസ്സോടെ നേരിടുന്നതിനും വേദനരഹിതമാക്കുന്നതിനും സഹായിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് പാലിയേറ്റിവ് കെയർ. മരണാസന്ന രോഗിയുടെ ആരോഗ്യ സംരക്ഷണം മാത്രമല്ല അവരുടെ വീട്ടുകാരുടെയും സർവോൻമുഖമായ ഉന്നമനം പാലിയേറ്റിവ് കെയറിൽ ഉൾപ്പെടുന്നു. ആരോഗ്യപരിപാലന മേഖലയിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം പാലിയേറ്റിവ് പദ്ധതിയിലും ഒട്ടും പിറകിലല്ല. ദേശീയ ആയുർ ശരാശരിയെക്കാൾ മുകളിലാണ് മലയാളിയുടെ ആയുർദൈർഘ്യം (74.1 വർഷം). അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങളും ചിരകാല അസുഖങ്ങളും കൂടുതലുണ്ട്. അതിനാൽതന്നെ പാലിയേറ്റിവ് കെയറിന്റെ പ്രസക്തിയും ഏറുന്നു.
1993ൽ കോഴിക്കോട് മെഡിക്കൽ കോളജിനോട് ചേർന്നാണ് ആദ്യ പാലിയേറ്റിവ് കെയർ യൂനിറ്റ് സ്ഥാപിതമായത്. അതിന്റെ ചുവടുപിടിച്ച് പല ചെറിയ ചെറിയ യൂനിറ്റുകൾ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ തുടങ്ങി. സർക്കാറിന്റെ 2008ലെ നയത്തിൽ പാലിയേറ്റിവ് പദ്ധതിയെ ആരോഗ്യമേഖലയുടെ അവിഭാജ്യ ഘടകമാക്കിയതോടെ പാലിയേറ്റിവ് കെയറിന്റെ മുഖച്ഛായ ആകെ മാറി.
കേരളത്തിന് പാലിയേറ്റിവ് കെയറിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചതിൽ സർക്കാരിതര സംഘടനകളുടെ പങ്ക് വിസ്മരിച്ചുകൂടാ. മഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്, പെയിൻ പാലിയേറ്റിവ് കെയർ സൊസൈറ്റി, ദയ പാലിയേറ്റിവ്, കരുണ പാലിയേറ്റിവ് തുടങ്ങിയ എൻ.ജി.ഒ സംഘടനകളുടെ നിസ്വാർത്ഥസേവനം സ്തുത്യർഹമാണ്.
ആശ്വാസമാകണം ഓരോരുത്തരും
ദീർഘകാലമായി കഷ്ടപ്പെടുന്ന കിടപ്പുരോഗികൾക്ക് അവരുടെ നാടുകളിൽ ഓരോ പാലിയേറ്റിവ് കൂട്ടായ്മ ഉണ്ടാവുകയും ഓരോ രോഗിക്കും ആശ്വാസമേകാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് സാന്ത്വന പരിചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി രോഗീസന്ദർശനവും മരുന്ന്, ആഹാരസാധനങ്ങൾ, സാമ്പത്തികമായി തകർന്ന കുടുംബങ്ങൾക്ക് മക്കളുടെ വിദ്യാഭ്യാസം, സാമ്പത്തിക സഹായം, ഒറ്റപ്പെടലിൽനിന്ന് ഒഴിവാകാൻ അല്പസമയം ചെലവഴിക്കൽ തുടങ്ങിയവയെല്ലാം സാന്ത്വന പരിചരണത്തിന്റെ ഭാഗമാണ്. കഠിനവേദന, ക്ഷീണം, അവശത, ഉറക്കമില്ലായ്മ, മലബന്ധം, മൂത്രതടസ്സം, ശ്വാസംമുട്ടൽ മുതലായവയ്ക്ക് ഒരു പരിധിവരെ മരുന്നുകൾ മൂലം ശമനം ലഭിക്കുന്നു.
ദീർഘനാളത്തെ രോഗാവസ്ഥയും ചികിത്സയും രോഗിയെ സാമൂഹികമായും സാമ്പത്തികമായും കുടുംബത്തിൽനിന്നും ഒറ്റപ്പെടുത്തുകയും ഏകാന്തതയിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്നു. കോട്ടയം ജില്ലയിൽ നിലവിൽ ഏകദേശം 36 പാലിയേറ്റിവ് കെയർ യൂനിറ്റുകൾ സന്നദ്ധ സംഘടനകളുടെ കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ സർക്കാറിന്റെ 2007ലെ പാലിയേറ്റിവ് കെയർ പോളിസി പ്രകാരം എല്ലാ പഞ്ചായത്തിലും പാലിയേറ്റിവ് കെയർ യൂനിറ്റുകൾ പ്രവർത്തിച്ചുവരുന്നു. സന്നദ്ധ സംഘടനകളുടെ യൂനിറ്റുകൾ ചേർന്ന് ജില്ലതലത്തിൽ കൺസോർഷ്യം ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിൽ നടന്നുവരുന്നു. ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.