എന്തിനും ഏതിനും പാരാസെറ്റമോൾ കഴിക്കാറുണ്ടോ? കരളിന്‍റെ കാര്യത്തിലൊരു തീരുമാനമാകുമെന്ന് പഠനം
text_fieldsജലദോഷമോ പനിയോ തൊണ്ടവേദനയോ എന്തുമാകട്ടെ, പാരാസെറ്റമോൾ എടുത്ത് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കരളിനെ ബാധിക്കുന്ന സാരമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പുതിയ പഠനം. പാരാസെറ്റമോൾ ഓവർഡോസ് കരളിനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കാത്ത വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
എലികളിൽ നടത്തിയ പഠനത്തിലാണ് പാരാസെറ്റമോൾ ഓവർഡോസ് കരളിനെ എങ്ങിനെ ബാധിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്. എലികളിലേതെന്ന പോലെ മനുഷ്യനിലും പാരാസെറ്റാമോൾ അമിതല ഉപയോഗം കരളിനെ നശിപ്പിക്കുമെന്ന് ഇവർ കണ്ടെത്തി. ചില പ്രത്യേക സാഹചര്യങ്ങളിൽ പാരാസെറ്റമോൾ കരളിന്‍റെ പ്രവർത്തനത്തിന് അത്യാവശ്യമായ സെല്ലുലാർ സ്ട്രക്ചറൽ ജങ്ഷനുകളെ ബാധിക്കും.
സെൽ ജങ്ഷനുകൾ നശിക്കുന്നത് കരൾ ടിഷ്യൂവിനെ തകർക്കുകയോ നശിപ്പിക്കുകയോ ചെയ്യും. കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും കോശങ്ങളുടെ മരണത്തിന് കാരണമാവുകയും ചെയ്യും. ലിവർ കാൻസർ, ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരളിനെ ബാധിക്കുന്ന അസുഖങ്ങളുമായും ഇത്തരം സാഹചര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ വേദനസംഹാരികളിലൊന്നാണ് പാരാസെറ്റമോൾ. താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഈ മരുന്ന്, ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുമ്പോൾ ഫലപ്രദവും സുരക്ഷിതവുമാണ്. അമിതമായ പാരാസെറ്റമോൾ ഉപയോഗം കുറയ്ക്കണമെന്നും വിദഗ്ധരുടെ നിർദേശ പ്രകാരം മാത്രം ഉപയോഗിക്കണമെന്നുമാണ് പഠനം നിർദേശിക്കുന്നത്.
പാരാസെറ്റമോളിന്‍റെ അമിത ഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നതെങ്കിലും മറ്റ് അവയവങ്ങൾക്കും തകരാറുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. വർഷങ്ങളായുള്ള അമിത ഉപയോഗം വൃക്ക, കുടൽ, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ NAPQI (എൻ- അസറ്റൈൽ പി-ബെൻസോക്യുനൈൻ) എന്ന മെറ്റബൊളൈറ്റാണ് അപകടകാരികൾ.
പാരസെറ്റമോൾ ശരിയായും കൃത്യമായ അളവിലും കഴിച്ചാൽ സുരക്ഷിതമാണ്. വെറുതെ മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നതിലും സുരക്ഷിതം വൈദ്യനിർദേശപ്രകാരം കഴിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ, ഡോക്ടറെ കണ്ടുതന്നെ രോഗനിർണയവും ചികിത്സയും തേടുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.