ആരോഗ്യരംഗത്ത് പുത്തൻ പദ്ധതികളുമായി പയ്യന്നൂർ നഗരസഭ
text_fieldsപയ്യന്നൂർ: നഗരസഭയിൽ ആരോഗ്യ ഗ്രാന്റ് വിനിയോഗിച്ച് ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായി മൂന്ന് വെൽനസ് സെന്ററുകളും ഒരു പോളിക്ലിനിക്കും ആരംഭിക്കും. പയ്യന്നൂർ, കാനായി, വെള്ളൂർ എന്നിവിടങ്ങളിൽ പുതുതായി അർബൻ വെൽനസ് ക്ലിനിക്കുകളും മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി അർബൻ പോളി ക്ലിനിക്കുമാണ് ആരംഭിക്കുന്നത്. 1.33 കോടി രൂപ ഉപയോഗിച്ചാണ് പുതിയ പദ്ധതി തുടങ്ങുന്നത്.
കാനായി അർബൻ വെൽനസ് കേന്ദ്രത്തിന് കാനായി തോട്ടം കടവിലും വെള്ളൂരിൽ ചന്തൻകുഞ്ഞി ഹാളിന് സമീപത്തും പയ്യന്നൂർ മമ്പലത്തും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സെന്റർ ആരംഭിക്കുന്നതിനുമായി 41 ലക്ഷം രൂപവീതം മൂന്ന് അർബൻ വെൽനസ് കേന്ദ്രങ്ങൾക്കായി നീക്കിവെച്ചു. ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 10 ലക്ഷം രൂപയും നീക്കിവെച്ചു.
ഇതിനുപുറമെ 2.65 കോടി രൂപയുടെ കർമപദ്ധതിയും തയാറാക്കി അംഗീകാരത്തിനായി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ 4.5 ലക്ഷവും മരുന്നുകൾ വാങ്ങാൻ 1.67 ലക്ഷം രൂപയും മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മരുന്നുകൾക്കായി ഒരു ലക്ഷം രൂപയും 13 കുടുംബക്ഷേമ കേന്ദ്രങ്ങൾക്കായി 3.9 ലക്ഷം രൂപയും കർമപദ്ധതിയിലുണ്ട്.
നഗരസഭയുടെ വയോമിത്രം, പാലിയേറ്റിവ് ക്ലിനിക്കുകൾ വിപുലീകരിക്കുന്നതിനും പുതുതായി വയോമിത്രം യൂനിറ്റ് തുടങ്ങുന്നതിനും കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതികൾക്കായി 50 ലക്ഷം രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. മേൽ പദ്ധതികൾക്ക് അംഗീകാരം ലഭിച്ച് നടപ്പിലാകുന്നതോടുകൂടി പയ്യന്നൂരിന്റെ പൊതുജനാരോഗ്യരംഗത്ത് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.