പി.സി.ഒ.എസ് ശ്രദ്ധയോടെ കൈകാര്യം ചെയ്യാം
text_fieldsപുതിയകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും ചികിത്സതേടുന്നതുമായ രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അല്ലെങ്കില്‍ പി.സി.ഒ.എസ്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവരില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. പി.സി.ഒ.എസിന് സമാനമായ ലക്ഷണങ്ങളില്‍ ചിലതെങ്കിലും കണ്ടുതുടങ്ങുമ്പോള്‍ വലിയ ആശങ്കയോടെ ഗൈനക്കോളജിസ്റ്റുകളെ സമീപിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. ഏതെല്ലാം സാഹചര്യത്തിലാണ് പി.സി.ഒ.എസ് സംശയിക്കപ്പെടെണ്ടത്, എങ്ങനെയാണ് ചികിത്സയും പരിഹാരമാര്‍ഗങ്ങളും മുന്നോട്ടുകൊണ്ടുപോകേണ്ടത് തുടങ്ങിയവയെക്കുറിച്ച് ഡോ. എന്‍. ശ്യാമള സംസാരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ അഞ്ചു മുതല്‍ എട്ടു ശതമാനം വരെ സ്ത്രീകളില്‍ പി.സി.ഒ.എസ് കണ്ടുവരുന്നുണ്ട്. ഗര്‍ഭധാരണം വൈകുന്നതുമായി ബന്ധപ്പെട്ട് ചികിത്സതേടുന്ന സ്ത്രീകളില്‍ 40 ശതമാനം പേരിലും പി.സി.ഒ.എസ് കണ്ടെത്തുന്നുണ്ട്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന ഒരു എന്‍ഡോക്രൈന്‍ ഡിസോര്‍ഡര്‍ വിഭാഗത്തിലുള്ള അവസ്ഥയാണിത്. പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ് ഹോര്‍മോണ്‍ എന്നീ രണ്ടു ഹോര്‍മോണുകളാണ് സ്ത്രീശരീരത്തിലെ പ്രത്യുൽപാദന സംവിധാനത്തെ ശരിയായരീതില്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒവുലേഷന്‍ കൃത്യമായി നടക്കാനും ആര്‍ത്തവം, ഗര്‍ഭധാരണം എന്നിവ സുഗമമാക്കുന്നതിനും ഇവ സന്തുലിതമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഹോര്‍മോണ്‍ നില കൃത്യമല്ലാതിരിക്കുന്ന അവസ്ഥയില്‍ പ്രത്യുൽപാദനത്തിന് ആവശ്യമായ അണ്ഡം പൂര്‍ണവളര്‍ച്ചയെത്താനോ അണ്ഡാശയം പൊട്ടി പുറത്ത് വരാനോ കഴിയാതെ അണ്ഡാശയത്തില്‍ തന്നെ നിന്നുപോകും. ഇതാണ് സിസ്റ്റുകളായി രൂപപ്പെടുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്‍ ശരീരത്തില്‍ വര്‍ധിക്കുന്നതും ഇതിനു കാരണമാണ്.
പതിവായ ആര്‍ത്തവ ക്രമക്കേടുകള്‍, ആന്‍ഡ്രജന്‍ ഹോര്‍മോണ്‍ അളവ് ശരീരത്തില്‍ വര്‍ധിച്ചുവരുന്ന അവസ്ഥ, അള്‍ട്രാസൗണ്ട് പരിശോധനയില്‍ കണ്ടെത്തിയ പോളിസിസ്റ്റിക് ഒവേറിയന്‍ പാറ്റേണ്‍ തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ട് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പി.സി.ഒ.എസ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തേണ്ടതാണ്. പി.സി.ഒ.എസ് ആണെന്ന് തിരിച്ചറിഞ്ഞാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കുകയും വേണം. ചിലരില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉൽപാദനം അമിതമാകുന്ന അവസ്ഥയും ഉണ്ടായേക്കാം. ഇന്‍സുലിന്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്ത അവസ്ഥയുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. പി.സി.ഒ.ഡി ബാധിക്കുന്നവരില്‍ ശരീരവണ്ണം അമിതമാകുന്നതിനുള്ള ഒരു കാരണവും ഇതാണ്.
കാരണങ്ങളും ലക്ഷണങ്ങളും
ശരീരത്തിന്‍റെ കായികാധ്വാനം കുറയുന്നതും തെറ്റായ ഭക്ഷണരീതിയുമാണ് സാധാരണഗതിയില്‍ പി.സി.ഒ.എസിന് കാരണമാകുന്നത്. എന്നാല്‍ ചിലരില്‍ ജീവിതശൈലിയോടൊപ്പം തന്നെ പാരമ്പര്യ ഘടകങ്ങളും ഈ അവസ്ഥക്ക് കാരണമാകാറുണ്ട്.
പി.സി.ഒ.എസ് ബാധിക്കുന്ന എല്ലാവരിലും ഒരേ തരത്തിലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടണമെന്നില്ല. എങ്കിലും ആര്‍ത്തവം ക്രമരഹിതമാകുന്നത് പി.സി.ഒ.എസിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ചിലരില്‍ മൂന്നോ നാലോ മാസം ഇടവേളകള്‍ക്ക് ശേഷം മാത്രം ആര്‍ത്തവം സംഭവിക്കുകയും മറ്റ് ചിലരില്‍ നിശ്ചിത ഇടവേള പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പിരീഡ് ആവര്‍ത്തിക്കാറുമുണ്ട്. ഇതോടൊപ്പം അമിത രക്തസ്രാവവും കണ്ടുവരാറുണ്ട്. പി.സി.ഒ.എസ് ബാധിച്ച സ്ത്രീകളില്‍ പുരുഷന്മാരിലേതുപോലെ തലയുടെ മുന്‍വശത്ത് അമിതമായ മുടികൊഴിച്ചില്‍ അനുഭവപ്പെടാറുണ്ട്.
അതേസമയം ശരീരത്തിന്‍റെ മറ്റ് ചില ഭാഗങ്ങളില്‍ അസാധാരണമായ രോമവളര്‍ച്ചയും കണ്ടുവരാറുണ്ട്. അമിതവണ്ണവും മുഖക്കുരു, അക്നെ പോലുള്ള ചര്‍മപ്രശ്നങ്ങളും ഇതോടൊപ്പം ഉണ്ടായേക്കാം. ചിലര്‍ക്ക് കഴുത്ത്, കൈവിരലുകള്‍, കൈ മടക്കുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കറുത്ത പാടുകള്‍ കണ്ടുവരാറുണ്ട്. വന്ധ്യത പ്രധാന ലക്ഷണമാണ്. മറ്റ് ലക്ഷണങ്ങള്‍ പരിഗണിക്കാതെ പോയവരില്‍ വന്ധ്യതാചികിത്സയുടെ ഭാഗമായാണ് പി.സി.ഒ.എസ് കണ്ടെത്താറുള്ളത്.
ചികിത്സ ഫലപ്രദം
കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ് പി.സി.ഒ.എസ്. ചികിത്സ മുടങ്ങാതെ നോക്കേണ്ടതും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതും അനിവാര്യമാണ്. മരുന്നുകള്‍ കൊണ്ട് മറ്റിയെടുക്കാവുന്നതാണ് കൂടുതലും. എന്നാല്‍, ചില കേസുകളില്‍ മാത്രമാണ് സര്‍ജറിപോലുള്ള ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടി വരുന്നത്. രോഗിയുടെ പ്രായം, ശാരീരികാവസ്ഥ എന്നിവ പരിഗണിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍, ചികിത്സ കൃത്യമായി പിന്തുടരാതിരിക്കുകയോ വര്‍ഷങ്ങളോളം ഈ അവസ്ഥ തിരിച്ചറിയപ്പെടാതിരിക്കുകയോ ചെയ്‌താല്‍ എന്‍ഡോമെട്രിയല്‍ കാന്‍സര്‍പോലുള്ള ഗുരുതരാവസ്ഥക്ക് ഇത് കാരണമാകും.
പി.സി.ഒ.എസ് കാരണം ഗര്‍ഭധാരണം നടക്കാത്തവരില്‍ മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തി പുരോഗതി വിലയിരുത്തേണ്ടത് പ്രധാനമാണ്. മരുന്നുകളോട് ഏത് തരത്തില്‍ ശരീരം പ്രതികരിക്കുന്നു എന്നറിയാനും തുടര്‍ചികിത്സ ഫലപ്രദമാകാനും ഇത് സഹായിക്കും.
ചെറിയ തോതിലുള്ള ആര്‍ത്തവ ക്രമക്കേടുകളോ അനുബന്ധ പ്രശ്നങ്ങളോ അനുഭവപ്പെടുമ്പോള്‍തന്നെ അത് പി.സി.ഒ.എസ് ആണെന്നോ ഗുരുതരാവസ്ഥയാണെന്നോ അമിതമായി ആശങ്കപ്പെടേണ്ടതില്ല. അതേസമയം, തുടര്‍ച്ചയായി പല തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ പിരീഡ് ദിനങ്ങളില്‍ അമിതമായ ബ്ലീഡിങ് പതിവായി ഉണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകതന്നെ വേണം.
ജീവിതശൈലിയില്‍ മാറ്റം വരുത്താം
പി.സി.ഒ.എസ് നിയന്ത്രിക്കാന്‍ ജീവിതരീതിയില്‍ ചില ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് നിര്‍ബന്ധമാണ്. വ്യായാമവും നല്ല ഭക്ഷണരീതിയും പിന്തുടരുകയാണെങ്കില്‍ വളരെ വേഗത്തില്‍തന്നെ പി.സി.ഒ.എസിന്‍റെ അസ്വസ്ഥതകളെ ഇല്ലാതാക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം പോലുള്ള ശാരീരികാധ്വാനം കുറഞ്ഞ വ്യായാമങ്ങള്‍ക്ക് പകരം ശരീരം വിയര്‍ക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍.
അതുപോലെ തന്നെയാണ് ഭക്ഷണശീലവും. അമിതമായി കൊഴുപ്പ് അടങ്ങിയ ജങ്ക് ഫുഡ് ഇനങ്ങള്‍ ആഹാരരീതിയില്‍നിന്ന് പൂര്‍ണമായും മാറ്റണം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗാവസ്ഥയുടെ തീവ്രത വർധിപ്പിക്കാന്‍ കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണം പരമാവധി കുറയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഇതോടൊപ്പം മധുരത്തിന്റെ അളവും നിയന്ത്രിക്കാം. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഡയറ്റ് തന്നെ പിന്തുടരുന്നത് പി.സി.ഒ.എസ് നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, എണ്ണയില്‍ വറുത്തെടുത്ത ആഹാരസാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.