പെപ്സി തിരുത്തുന്നു; ഇന്ത്യക്കാർക്കും ആരോഗ്യമാകാം
text_fieldsപ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാന്‍റായ ലേയ്സ് ഇന്ത്യക്കാർക്ക് കൂടുതൽ ആരോഗ്യകരമായ രീതിയിൽ തയാറാക്കി നൽകാൻ ഉടമകളായ പെപ്സിയുടെ തീരുമാനം. ഇതിനായി പുതിയ എണ്ണ മിശ്രിതം പരീക്ഷിക്കുകയാണ് അവർ. പാം ഓയിലും പാമോലിനും ഉപയോഗിക്കുന്നതിനുപകരം, സൂര്യകാന്തി എണ്ണയും പാമോലിനും ഉൾപ്പെടുന്ന മിശ്രിതം ഉപയോഗിക്കാനാണ് ശ്രമം. പാമോയിൽ ശുദ്ധീകരിച്ചാണ് പാമോലിൻ നിർമിക്കുന്നത്. ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ, നൂഡിൽസ്, ബ്രെഡ്, ഐസ്‌ക്രീം എന്നിവ നിർമ്മിക്കുന്നവ ഉൾപ്പെടെ ഇന്ത്യയിലെ പല പാക്ക്ഡ് ഫുഡ് ബ്രാൻഡുകളും പാം ഓയിൽ ഉപയോഗിക്കുന്നു. സൂര്യകാന്തി അല്ലെങ്കിൽ സോയാബീൻ എണ്ണയെ അപേക്ഷിച്ച് പാം ഓയിലിനു വളരെ വിലകുറവാണെന്നതാണ് ഇതിന് കാരണം.
പാം ഓയിൽ ഉപയോഗിച്ച് തയാറാക്കി പാക്ക് ചെയ്തു വിൽക്കുന്ന ഭക്ഷണം അനാരോഗ്യകരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. പെപ്‌സികോയുടെ ആസ്ഥാനവും ഏറ്റവും വലിയ വിപണിയുമായ അമേരിക്കയിൽ, ലെയ്‌സിനായി സൂര്യകാന്തി, ചോളം, കനോല തുടങ്ങി ഹൃദയത്തിനു ഹാനികരമല്ലാത്ത എണ്ണകളാണ് ഉപയോഗിക്കുന്നത്. എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡി.എൽ കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്ന കൊഴുപ്പുകൾ ഈ എണ്ണകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പെപ്സികോയുടെ അവകാശവാദം.
പെപ്‌സികോയുടെ ചില ഉൽപന്നങ്ങളിൽ പുതിയ എണ്ണ മിശ്രിതത്തിനുള്ള പരീക്ഷണങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ലോകത്ത് ഏറ്റവും വില കുറച്ച് ലേയ്സ് കിട്ടുന്നയിടങ്ങളിൽ ഒന്നാണ് ഇന്ത്യ. യു.എസിലെയും യൂറോപ്പിലെയും സമാന ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന പാക്കേജുചെയ്ത ഭക്ഷണങ്ങളിൽ വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപക വിമർശം ഉയർന്നിരുന്നു.
ശിശു ഭക്ഷണമായ സെറലാക്ക് പഞ്ചസാര ചേർക്കാതെ വികസിപ്പിക്കുന്നതായി നെസ്‌ലെ ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിച്ചതിന് കമ്പനി അടുത്തിടെ വിമർശനം നേരിട്ടിരുന്നു. സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐയുടെയും ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കിന്‍റെയും റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സെറലാക്കിൽ ഒരു സെർവിങ്ങിൽ ഏകദേശം മൂന്നു ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതേസമയം യുകെ, ജർമ്മനി, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ വികസിത വിപണികളിൽ സമാനമായ ഉൽപന്നങ്ങൾ ഇല്ലായിരുന്നു.
എണ്ണ മാറ്റം കൂടാതെ ലഘുഭക്ഷണങ്ങളിൽ ഉപ്പിൻ്റെ അളവ് കുറയ്ക്കാനും പെപ്സി ശ്രമിക്കുന്നുണ്ട്. 2025-ഓടെ സോഡിയം ഒരു കലോറിക്ക് 1.3 മില്ലിഗ്രാമിലോ അതിൽ താഴെയോ എത്തിക്കുകയാണ് ലക്ഷ്യം. ലേയ്‌സിന് പുറമേ, പെപ്‌സികോ ഇന്ത്യയുടെ കീഴിൽ ഡോറിറ്റോസ്, കുർകുറെ, ക്വാക്കർ തുടങ്ങിയ ബ്രാൻഡുകളും ഉൾപ്പെടുന്നുണ്ട്. 2025-ഓടെ 75 ശതമാനം ഭക്ഷ്യ ഉൽപന്നങ്ങളിലെങ്കിലും ഒരു കലോറിയിൽ 1.3 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനാണ് പെപ്‌സികോ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.