കോവിഡിനെതിരായ പ്ലാസ്മ ചികിത്സ: പുതിയ നിർദേശവുമായി ലോകാരോഗ്യ സംഘടന
text_fieldsപാരീസ്: സുഖം പ്രാപിച്ച കോവിഡ് രോഗികളുടെ രക്തത്തിൽനിന്ന് എടുത്ത പ്ലാസ്മ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ നേരിയതോ മിതമായതോ ആയ അസുഖമുള്ള ആളുകൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന. 'നിലവിലെ തെളിവുകൾ കാണിക്കുന്നത് പ്ലാസ്മ ചികിത്സയിലൂടെ കോവിഡ് രോഗിയുടെ സ്ഥിതി
മെച്ചപ്പെടുത്തുകയോ മെക്കാനിക്കൽ വെന്‍റിലേഷന്‍റെ ആവശ്യകത കുറയ്ക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ഈ ചികിത്സ ചെലവേറിയതും സമയമെടുക്കുന്നതുമാണ്' -ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഗുരുതരമായ കോവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകളിൽ ബ്ലഡ് പ്ലാസ്മ ചികിത്സ ഉപയോഗിക്കുന്നതിനെ ലേഖനം ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. ഗുരുതര രോഗികൾക്ക് പോലും ക്ലിനിക്കൽ ട്രയലിന്‍റെ ഭാഗമായി മാത്രമേ ചികിത്സ നൽകാവൂ. ഗുരുതരവും അല്ലാത്തതുമായ 16,236 രോഗികൾ ഉൾപ്പെട്ട 16 പരീക്ഷണങ്ങളിൽ നിന്നുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഏറ്റവും പുതിയ ശുപാർശകളെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
സുഖം പ്രാപിച്ച കോവിഡ് രോഗിയിൽനിന്നുള്ള രക്തത്തിന്‍റെ ദ്രാവക ഭാഗമാണ് കൺവലസെന്‍റ് പ്ലാസ്മ. അതിൽ കോവിഡ് അണുബാധക്ക് ശേഷം ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്‍റിബോഡികൾ അടങ്ങിയിട്ടുണ്ടാകും.
കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഈ ചികിത്സാരീതി വ്യാപകമായിരുന്നു. എന്നാൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പരിമിതമായ ഫലം മാത്രമാണ് കാണിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യയിലടക്കം കോവിഡ് ചികിത്സയിൽനിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.