കോവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം കൂടുന്നു; കാരണം പഠിക്കാൻ ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ. 18നും 45നും ഇടയിലുള്ളവരുടെ അകാരണമായതും പെട്ടെന്നുള്ളതുമായ മരണങ്ങളെ കുറിച്ച് രണ്ട് പഠനങ്ങളാണ് നടത്തുക -ഗുജറാത്തിൽ നടന്ന ആഗോള പാരമ്പര്യവൈദ്യ ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു.
കോവിഡിന് അനന്തരഫലങ്ങളുണ്ടെങ്കിൽ അവയെക്കുറിച്ച് മനസിലാക്കാനും തുടർന്നുള്ള മരണങ്ങൾ തടയാനും ഈ പഠനങ്ങൾ സഹായിക്കും -ഡോ. രാജീവ് ബഹൽ പറഞ്ഞു.
45 വയസിൽ താഴെയുള്ള, ആരോഗ്യമുള്ള, മറ്റ് അനുബന്ധരോഗങ്ങളൊന്നുമില്ലാത്ത യുവാക്കൾ അപ്രതീക്ഷിതമായി മരിക്കുന്നതിന്‍റെ കാരണങ്ങളെ കുറിച്ചാണ് പഠിക്കുക. ഇത്തരത്തിലുള്ള 50 മരണങ്ങളെ കുറിച്ച് ഡൽഹി എയിംസിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വിശദമായി പഠിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കകം ഇത്തരത്തിലുള്ള 100 പോസ്റ്റ്മോർട്ടങ്ങൾ കൂടി പൂർത്തിയാക്കും. കോവിഡ് കാലത്തിന് മുമ്പ് നടന്ന ഇത്തരം മരണങ്ങളും ഇപ്പോഴത്തെ മരണങ്ങളും താരതമ്യം ചെയ്ത് കാരണങ്ങളിലേക്കെത്താനാണ് ശ്രമിക്കുന്നത് -ഡോ. ബഹൽ പറഞ്ഞു.
കോവിഡിന് ശേഷം മനുഷ്യനിൽ ശാരീരക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്നും, ഉണ്ടെങ്കിൽ ഇവ മരണത്തിന് കാരണമാകുന്നുണ്ടോയെന്നും പഠിക്കും. ഹൃദയസ്തംഭനം, ശ്വാസകോശപ്രശ്നങ്ങൾ എന്നിവയാണ് ചെറുപ്പക്കാരിൽ പെട്ടെന്നുള്ള മരണത്തിന് കാരണമായി കാണുന്നത്. ഇവയെക്കുറിച്ചും പഠനം നടത്തും.
18നും 45നും ഇടയിലുള്ളവരുടെ മരണത്തെ കുറിച്ച് രാജ്യത്തെ 40 കേന്ദ്രങ്ങളിൽ നിന്നായി ഐ.സി.എം.ആർ വിവരം ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ മരിച്ചവരുടെ കുടുംബത്തെ സന്ദർശിച്ച് വിവരം ശേഖരിക്കും. കേസ് കൺട്രോൾ സ്റ്റഡിയുടെ ഭാഗമായി, മരിച്ചയാളുടെ അയൽപക്കങ്ങളിൽ അതേ പ്രായവും അതേ സാഹചര്യങ്ങളുമുള്ള ആളുകളുടെ വിവരമെടുക്കും. ഇവരുടെ ആരോഗ്യാവസ്ഥ താരതമ്യം ചെയ്യും. റിസ്ക് ഫാക്ടറുകൾ തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താനും ഘടന കണ്ടെത്താനും ഇത് സഹായിക്കുമെന്ന് ഡോ. ബഹൽ പറഞ്ഞു. ഭക്ഷണരീതി, പുകവലിശീലം, ജീവിതശൈലി, കോവിഡ് ബാധിച്ചോ ഇല്ലയോ എന്നകാര്യം, വാക്സിനേഷൻ വിവരങ്ങൾ, കുടുംബത്തിന്‍റെ ആരോഗ്യചരിത്രം എന്നിവയും ശേഖരിച്ച് പഠനത്തിന് വിധേയമാക്കും.
കോവിഡിന് ശേഷം പല കാര്യങ്ങളിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഡോ. ബഹൽ പറഞ്ഞു. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ, സമാന ഘടകങ്ങളുണ്ടോ എന്ന് പഠിക്കുകയാണ് പ്രധാനം -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.