ചെങ്കണ്ണ് വ്യാപകം; മുൻകരുതൽ വേണം
text_fieldsതൊടുപുഴ: ജില്ലയിൽ പലയിടങ്ങളിലും ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. കണ്ണിനകത്ത് കടും ചുവപ്പു നിറം, പോളകളിൽ തടിപ്പ്, കണ്ണിൽനിന്ന് വെള്ളം വരൽ, പോളകൾക്കിരുവശവും പീള അടിയൽ, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗികൾക്ക് അനുഭവപ്പെടുന്നത്.
വൈറസ്, ബാക്ടീരിയ എന്നിവ രോഗകാരികളായതിനാൽ വേഗം പടരാൻ സാധ്യത കൂടുതലാണ്. രോഗം വന്നയാളുടെ സമ്പർക്കം, സ്പർശനം എന്നിവ രോഗം പടരാൻ ഇടയാക്കുന്നതിനാൽ രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കരുതെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
വ്യക്തിശുചിത്വം, കൈകൾ ഇടക്കിടെ കഴുകുക എന്നിവ പ്രതിരോധ മാർഗമാണ്. രോഗം പിടിപെട്ട ഒരാൾക്ക് പൂർണമായി ഭേദപ്പെടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. സാധാരണ ചൂടുകാലങ്ങളിലാണ് ഈ അസുഖം കാണപ്പെടാറെങ്കിലും നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും രോഗം പടർന്നുപിടിക്കുകയാണ്. വിദ്യാലയങ്ങളിൽ രോഗവ്യാപനത്തെ തുടർന്ന് ഹാജർ വളരെയധികം കുറഞ്ഞു. ചെങ്കണ്ണ് ബാധിച്ച കുട്ടികളും അധ്യാപകരും സ്കൂളിലെത്തരുതെന്ന് ഡി.എം.ഒ നിർദേശം നൽകി.
കുട്ടികൾക്കിടയിൽ വളരെ എളുപ്പത്തിൽ ഇത് പടരാനുള്ള സാധ്യതയുണ്ട്. പലയിടത്തും മഴയും വെയിലും മാറിനിൽക്കുന്ന സാഹചര്യത്തിൽ ചെങ്കണ്ണ് കണ്ട് വരുന്നുണ്ടെന്ന് ഡി.എം.ഒ ചൂണ്ടിക്കാട്ടുന്നു. കണ്ണ് രോഗമുള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ വീട്ടിൽ തന്നെ ഇരിക്കുക, രോഗികളായ കുട്ടികളെ പൂർണമായും മാറിയിട്ടേ സ്കൂളിൽ അയക്കാവൂ. ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകളേ ഉപയോഗിക്കാവൂവെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.