പ്രതിരോധിക്കാം പകർച്ചവ്യാധികളെ...
text_fieldsകൊച്ചി: പലതരം പകർച്ചവ്യാധികൾ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കുകയാണ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
2021 മുതൽ നാളിതുവരെ 163 പേർക്കാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ജില്ലയിൽ ജീവൻ നഷ്ടമായത്. ആയിരക്കണക്കിന് ആളുകൾ പകർച്ചവ്യാധികളാൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, ചിക്കൻപോക്സ്, എംപോക്സ്, എച്ച് വൺ എൻ വൺ, വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയവയാണ് സംസ്ഥാനത്ത് പലകാലങ്ങളിലായി റിപ്പോർട്ട് ചെയ്ത രോഗങ്ങൾ. അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കുകയും രോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണമെന്നതാണ് പ്രധാനം. കാലാവസ്ഥ വ്യതിയാനങ്ങൾ, താപനിലയിലുണ്ടാകുന്ന മാറ്റം, ഇടവിട്ടുള്ള മഴ, നഗരവത്കരണം, മാലിന്യ സംസ്കരണത്തിലെ പോരായ്മകൾ, അതുമൂലം കൊതുക്, ഈച്ച, എലി തുടങ്ങിയവ പെരുകുന്നതിനുള്ള സാഹചര്യങ്ങൾ, ജലദൗർലഭ്യം തുടങ്ങിയവയൊക്കെയാണ് പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
നിപ്പ ഉൾപ്പെടെയുള്ളവയെ പ്രതിരോധിച്ചതിന്റെ ആത്മവിശ്വാസമാണ് കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഊർജം.
ആരോഗ്യജാഗ്രത ഉൾപ്പെടെ വിവിധ പദ്ധതികൾ കാലങ്ങളായി അധികൃതർ നടപ്പാക്കി വരുന്നുണ്ട്. ആരോഗ്യവകുപ്പ് കൂടാതെ തദ്ദേശസ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണം ചെയ്തുള്ള പദ്ധതികളാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.