പ്രതിരോധിക്കാം, പകര്‍ച്ചവ്യാധികളെ
text_fieldsപാലക്കാട്: ജില്ലയിൽ ചൂട് അധികരിച്ചതിനാൽ അതോടനുബന്ധിച്ച പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത. മുണ്ടിനീര് (താടവീക്കം), പേവിഷബാധ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാല്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.ആര്. വിദ്യ അറിയിച്ചു. സമയബന്ധിതമായി ചികിത്സ നല്കിയാല് ഈ അസുഖങ്ങള്‍ മൂലമുള്ള മരണം ഒഴിവാക്കാനാകും. ആയുര്‍വേദ-ഹോമിയോ വകുപ്പുകള്‍, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണം അത്യന്താപേക്ഷിതമാണ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ (ആര്.ആര്) സച്ചിന് കൃഷ്ണയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഡി.എ.ഒ മുന്നറിയിപ്പ് നല്‍കിയത്.
രോഗങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്ക് സ്കൂളുകള്‍ മുഖേനയും ബോധവത്കരണം നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അവധിക്കാലത്തോടനുബന്ധിച്ച് ആരംഭിക്കുന്ന എന്‍.സി.സി, എന്‍.എസ്.എസ് ക്യാമ്പുകളില്‍ കോഓഡിനേറ്റര്‍മാര്‍ മുഖേന ബോധവത്കരണം നടത്തണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം ആശാവര്‍ക്കര്‍മാര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും പങ്കാളിയാക്കണം.
മുണ്ടിനീര് ശ്രദ്ധിക്കാം
മുണ്ടിനീര് അഥവ താടവീക്കം ഒരു വൈറസ് രോഗമാണ് (പാരാമിക്സോ വൈറസ്). വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാല് മുതല്‍ ആറ് ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.
ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍.
രോഗ പകര്‍ച്ച ഒഴിവാക്കാം
അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്. മുണ്ടിനീരിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കുക.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുത്. രോഗികള്‍ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകള്‍ പോലെയുള്ള പാനീയങ്ങള്‍ കുടിക്കേണ്ടതില്ല.
പേവിഷബാധ
തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. പേവിഷബാധയുളള മൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ മുറിവുള്ള ഭാഗത്ത് നക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേല്‍ക്കുന്നത്. 99 ശതമാനം പേവിഷബാധയും നായകള്‍ മുഖേനയുള്ളതാണ്. വളര്‍ത്തുമൃഗങ്ങളില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നും പേവിഷബാധയുണ്ടാകാം.
ലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം. മൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ മുറിവുള്ള ഭാഗത്ത് നക്കുകയോ ചെയ്താല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകി വൃത്തിയാക്കുക. ഇത് അപകടസാധ്യത 90 ശതമാനം വരെ കുറയ്ക്കും. സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വേണമെങ്കില്‍ ബെറ്റാഡിന്/ഡെറ്റോള്‍/പൊവിഡോണ് അയഡിന്‍ എന്നിവ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക.
പ്രതിരോധിക്കാം...?
വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പ് എടുക്കുക. നായ്ക്കള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം. മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ മുറിവുള്ള ഭാഗങ്ങളില്‍ നക്കുകയോ ചെയ്താല്‍ ആ വിവരം അധ്യാപകരെയോ രക്ഷിതാക്കളേയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക. മൃഗങ്ങളെ പരിപാലിക്കുന്നവരും കുത്തിവെപ്പ് എടുക്കണം.
ചിക്കന്‍ പോക്സ്
ചിക്കന്‍ പോക്സ് വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്ക് ഗുരുതരരോഗവും മരണം വരെയും സംഭവിക്കാം. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ വാക്സിന് എടുക്കാത്തവര്‍ക്കോ അസുഖം വരാന്‍ സാധ്യതയുണ്ട്.
പകരുന്നത് എങ്ങനെ?
ചിക്കന്‍ പോക്സ് രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കം,രോഗം ബാധിച്ച വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന കണങ്ങള്‍ ശ്വസിക്കുന്നത് വഴി. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം.
രോഗ ലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ശരീരത്തില്‍ കുമിളകള്‍ മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയൊ പൊറ്റയാവുകയോ ചെയ്യും.
ശ്രദ്ധിക്കേണ്ടവ
- പരിപൂര്‍ണ വിശ്രമം, വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കുക
- ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗങ്ങള്‍ കഴിക്കുക
- മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കുക
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ 0.5 ശതമാനം ബ്ലീച്ചിങ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
- ചൊറിച്ചിലിന് കലാമിന് ലോഷന്‍ ഉപയോഗിക്കുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഒപ്പിയെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.