ഡയറ്റിൽ പ്രോട്ടീൻ മസ്റ്റാണ്..! അറിയാം കാരണങ്ങൾ, ഇന്ന് ദേശീയ പ്രോട്ടീൻ ദിനം
text_fieldsകൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, വെള്ളം എന്നിവ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീൻ ഇല്ലെങ്കിൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകൾ ശരിയായ വിധത്തിൽ നടക്കില്ല. മാത്രവുമല്ല രക്തചംക്രമണവും രോഗപ്രതിരോധ സംവിധാനവും താറുമാറാകുകയും ചെയ്യും.
പേശികൾ നിർമിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കുന്നതിനും മറ്റും പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീനിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാൽ ഫെബ്രുവരി 27 ദേശീയ പ്രോട്ടീൻ ദിനമായി ആചരിക്കുന്നു.
ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ ആവശ്യമാണ്. ഇത് അമിനോ ആസിഡുകളാൽ നിർമ്മിതമാണ്. പേശികൾ, അവയവങ്ങൾ, ടിഷ്യുകൾ എന്നിവയുടെ നിർമ്മാണത്തിന് പ്രോട്ടീൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പരിശോധിക്കാം.
1. എൻസൈം, ഹോർമോൺ ഉത്പാദനം
എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും പ്രോട്ടീനുകൾ നിർണായക പങ്ക് വഹിക്കുന്നു. എൻസൈമുകൾ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്നു. അതേസമയം ഹോർമോണുകളുടെ പ്രവർത്തനം, വളർച്ച തുടങ്ങിയ നിരവധി ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കുന്നു.
2. രോഗപ്രതിരോധ പ്രവർത്തനം
ഇമ്യൂൺ ഗ്ലോബുലിൻ പോലുള്ള ചില പ്രോട്ടീനുകൾ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. അണുബാധകളെ ചെറുത്ത് ശരീരത്തെ സംരക്ഷിക്കാനും അവ സഹായിക്കുന്നു.
3. ഊർജ്ജ ഉത്പാദനം
കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ശരീരത്തിന്റെ പ്രാഥമിക ഊർജ്ജ സ്രോതസ്സുകളാണെങ്കിലും, മറ്റ് പോഷകങ്ങളുടെ അഭാവത്തിൽ പ്രോട്ടീനുകളും ഊർജ്ജ ഉദ്പാദനത്തിന് സഹായിക്കുന്നവയാണ്.
ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ എങ്ങനെ ഉൾപ്പെടുത്താമെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ വിഷമിക്കേണ്ട. കാരണം നമ്മുടെ ദൈനംദിന ഭക്ഷണ ചേരുവകളിൽ പലതും പ്രോട്ടീൻ നിറഞ്ഞതാണ്.
നിങ്ങളുടെ ഡയറ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്താനുള്ള അഞ്ച് വഴികൾ ഇതാ
1. ദാൽ - പരിപ്പ്
ദാൽ അല്ലെങ്കിൽ പരിപ്പ് ഇന്ത്യയിലെ ഒരു പ്രധാന ഭക്ഷണമാണ്. പരിപ്പിലെ പ്രോട്ടീന്റെ കൃത്യമായ അളവ് പരിപ്പിന്റെ തരത്തെയും അത് തയ്യാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, ശരാശരി 100 ഗ്രാം വേവിച്ച പരിപ്പിൽ 4.68 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
2. പനീർ
നിങ്ങൾ വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ ആകട്ടെ, ഓരോ ഇന്ത്യക്കാരന്റെയും ഭക്ഷണക്രമത്തിൽ പനീറിനുള്ള സ്ഥാനം വളരെ വലുതാണ്. പനീർ പ്രോട്ടീന്റെ കലവറ കൂടിയാണ്. ശരാശരി 100 ഗ്രാം പനീറിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യം, ഫോസ്ഫറസ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും പനീറിൽ അടങ്ങിയിട്ടുണ്ട്.
3. ബദാം
യു.എസ്.ഡി.എ പ്രകാരം 100 ഗ്രാം ബദാമിൽ ഏകദേശം 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ കൂടാതെ, കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ബദാമിൽ അടങ്ങിയിട്ടുണ്ട്.
4. മുട്ട
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അമിനോ ആസിഡുകൾ അടങ്ങിയ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമായി കാണപ്പെടുന്നു. ഇത് ആൽബ്യുമൻ എന്നും അറിയപ്പെടുന്നു. മുട്ടയിലെ പ്രോട്ടീൻ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
5. സോയാബീൻ
പ്രോട്ടീൻ സമ്പുഷ്ടമായ ഒരു ഭക്ഷണപദാർത്ഥമാണ് സോയാബീൻ. ഇതൊരു സസ്യാധിഷ്ഠിത പ്രോട്ടീൻ കൂടിയാണ്. പേശികലകളും മറ്റ് പ്രധാന ഘടനകളുടെയും നിർമ്മാണത്തിൽ സോയാബീൻ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ കൂടിയേ തീരൂ. പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശി പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. അതുകൊണ്ട് ഈ പ്രോട്ടീൻ ദിനത്തിൽ നമ്മുടെ ഭക്ഷണ ശീലത്തിൽ പ്രോട്ടീന് കൂടുതൽ പ്രധാന്യം നൽകി തുടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.