മരുന്നില്ല; ഡൽഹിയിൽ എയിഡ്സ് രോഗികളുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: എയിഡ്സിനുള്ള ആന്‍റി റിട്രോവൈറൽ (എ.ആർ.ടി) മരുന്നുകൾ കിട്ടാത്തതിനെ തുടർന്ന് ഡൽഹിയിൽ ദേശീയ എയിഡ്സ് നിയന്ത്രണ സംഘടന ഓഫിസിന് (എൻ.എ.സി.ഒ) മുന്നിൽ രോഗികളുടെ പ്രതിഷേധം. കുട്ടികൾക്കടക്കം മരുന്ന് ലഭിക്കുന്നില്ലെന്നും ഏതാനും ആഴ്ചകൾ കൂടി മരുന്ന് ക്ഷാമമുണ്ടായാൽ ആരോഗ്യസ്ഥിതി മോശമാകുമെന്നും രോഗികൾ ആശങ്ക പറയുന്നു.
ആന്‍റി റിട്രോവൈറൽ തെറാപ്പിക്കായി ഉപയോഗിക്കുന്ന ഡൊള്യൂട്ട്ഗ്രാവിർ (ഡി.ടി.ജി) 50 എന്ന മരുന്നിനാണ് ക്ഷാമമുള്ളത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കും നാക്കോയ്ക്കും ആരോഗ്യ മന്ത്രാലയത്തിനും നിരവധി പരാതികൾ എഴുതിയെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ഡി.ടി.ജി ക്ക് പുറമെ ഡി.എൽ എന്ന മരുന്നും കിട്ടാനില്ല.
എന്നാൽ മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന ആരോപണം ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിച്ചിട്ടില്ല. മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്ക് നൽകാനുള്ള മരുന്ന് രാജ്യത്തുണ്ടെന്നും സംഘടന അറിയിച്ചു. പുതിയ സ്റ്റോക്ക് ഉടനെത്തുമെന്നും സംഘടന വ്യക്തമാക്കി.
രാജ്യത്ത് 14.5 ലക്ഷം എച്ച്.ഐ.വി ബാധിതർക്ക് സൗജന്യമായാണ് മരുന്ന് നൽകി വരുന്നത്. ഇതിനായി 680 എ.ആർ.ടി സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടെനൊഫോവിർ, ലാമിവുദിൻ, ടൊള്യൂട്ട്ഗ്രാവിർ എന്നിവയാണ് എയിഡ്സ് ചികിത്സക്കായി ഉപയോഗിച്ച് വരുന്ന മരുന്നുകൾ. അടുത്ത മൂന്ന് മാസത്തേക്കുള്ള ഇവയുടെ സ്റ്റോക്ക് രാജ്യത്ത് പൂർണമായുമുണ്ടെന്നും സംഘടനയുടെ സംസ്ഥാന ഘടകങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും എൻ.എ.സി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.