നാദാപുരത്ത് ക്വാറന്റീൻ ലംഘനം; ആരോഗ്യ വകുപ്പ് പരാതി നൽകി
text_fieldsനാദാപുരം: പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയ കുടുംബം ക്വാറന്റീൻ ലംഘിച്ച് ബന്ധുവീട്ടിലേക്ക് സന്ദർശനത്തിന് പോയതായി പരാതി. പകർച്ചവ്യാപന നിരോധന നിയമപ്രകാരം കേസെടുക്കാൻ ആരോഗ്യ വകുപ്പ് നാദാപുരം പൊലീസിൽ പരാതി നൽകി.
നിപ ബാധിച്ച് കള്ളാട്ട് മരണപ്പെട്ടയാളുമായി അടുത്ത ബന്ധമുള്ള നാദാപുരം 19ാം വാർഡിലെ ഒരു കുടുംബത്തിന് ആരോഗ്യ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. മൂന്നു ദിവസമായി ആരോഗ്യ പ്രവർത്തകർ കുടുംബവുമായി നിരന്തരം സമ്പർക്കത്തിലായിരുന്നു. വെള്ളിയാഴ്ച ജില്ലയിൽ അനുവദിച്ച മൊബൈൽ ലാബ് സജ്ജീകരണത്തിലൂടെ കുടുംബത്തിന് പരിശോധന നടത്താൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെ ഇവർ വീടുവിട്ടു പോവുകയായിരുന്നു.
നാദാപുരത്തെത്തിയ മൊബൈൽ ലാബ് പരിശോധന സംഘത്തിന് ഇവരെ കാണാനോ പരിശോധന നടത്താനോ കഴിഞ്ഞില്ല. ഇതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരുടെ മകൻ വീട്ടിലെത്തി എറണാകുളത്തേക്ക് തിരിച്ചുപോയതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുടുംബത്തിനെതിരെ പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കാൻ പരാതി നൽകുകയായിരുന്നു. ഇതോടൊപ്പം കള്ളാട്ടെ മരണവീടുമായി ബന്ധമുള്ള നാദാപുരം കക്കംവെള്ളിയിലെ പന്ത്രണ്ടുകാരനെ ആരോഗ്യ വകുപ്പ് നിർദേശ പ്രകാരം കോഴിക്കോട്ടേക്ക് മാറ്റി. കുട്ടിയും രണ്ടു ദിവസമായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
വെള്ളിയാഴ്ച പനിയും തലവേദനയും കൂടിയതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.