മഴക്കാലം; മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത
text_fieldsപാലക്കാട്: മഴക്കാലമായതിനാല്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഹെപ്പറ്റൈറ്റീസ് -എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരുരോഗമാണ്. വളരെ പെട്ടെന്നുതന്നെ ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. ഹെപ്പറ്റൈറ്റീസ് -എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നതുമൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നു. ഇതിനാല്‍ മഞ്ഞനിറത്തിലുള്ള ബിലിറൂബിന്റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേക്ക് നയിക്കുന്നു.
പ്രധാന ലക്ഷണങ്ങള്‍
പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുള്ള മൂത്രം, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുള്ള മലം എന്നിവയാണ്
രോഗം പകരുന്നത്
രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ലക്ഷണങ്ങള്‍ നോക്കിയും ലാബ് പരിശോധനയിലൂടെയും മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കാന്‍ സാധിക്കും. സാധാരണഗതിയില്‍ ഒരാഴ്ചകൊണ്ട് മാറുന്നതാണ്. വളരെക്കുറച്ച് വ്യക്തികള്‍ക്ക് മാത്രമെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുള്ള ചികിത്സ ആവശ്യമായി വരികയുള്ളൂ.
പ്രതിരോധമാര്‍ഗങ്ങള്‍
- പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക
- കുട്ടികളുടെ മലം കക്കൂസില്‍ മാത്രം സംസ്കരിക്കുക
- ഛര്‍ദ്ദിയുണ്ടെങ്കില്‍ കക്കൂസില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യുക.
- കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റര്‍ വെള്ളത്തിന് (ഒരുറിങ്) അഞ്ച് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍)
- ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡ് കഴുകി അണുവിമുക്തമാക്കുക
- ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടിവെക്കുക
- തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക
- തിളപ്പിച്ചാറിയ വെള്ളത്തില്‍ പച്ചവെളളം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക
- രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക
- രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുളളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കു വെക്കാതിരിക്കുക
- ഹെപ്പറ്റൈറ്റിസ് ബാധയുള്ള വ്യക്തിയെ പരിചരിക്കുന്നതിനായി ഏതെങ്കിലും ഒരു കുടുംബാംഗത്തെ മാത്രം ചുമതലപ്പെടുത്തുക. പരിചരിക്കുന്ന വ്യക്തി ഇടക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതും മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍ നിയന്ത്രിക്കേണ്ടതുമാണ്
- രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.
- രോഗി ഉപയോഗിച്ച വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്കരിക്കുകയും പുനരുപയോഗമുളള തുണി, പാത്രങ്ങള്‍ എന്നിവ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യുക.
(അണു നശീകരണത്തിനായി 0.5% ബ്ലീച്ചിങ് ലായനി ഉപയോഗിക്കാവുന്നതാണ്. 15 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്)
- മഞ്ഞപ്പിത്തം മൂലമുള്ള പനി മാറുന്നതിനായി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം പാരസെറ്റമോള്‍ ഗുളിക കഴിക്കുക.
- സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സകേന്ദ്രങ്ങളില്നിന്ന് ചികിത്സ സ്വീകരിക്കാതിരിക്കുക.
- ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്. പരിശോധനയും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
ഓങ്ങല്ലൂര്‍ മേഖലയില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പാലക്കാട്: ഓങ്ങല്ലൂര്‍ മേഖലയില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. മേഖലയില്‍ ഇതിനോടകം 34 പേര്‍ക്ക് മേഖലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി കേസുകളും ജില്ലയില്‍നിന്ന് സമീപദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്തപരിശോധനയിലൂടെ ഒറ്റപ്പെട്ട കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ (വൈറല്‍ ഹെപ്പറ്റൈറ്റിസ് എ) കേസുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ക്ലോറിനേഷന്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ 69ഓളം കിണറുകളില്‍ ക്ലോറിനേഷന് നടത്തി. സംസ്ഥാനത്ത് മിക്ക ജില്ലകളിലും വൈറല്‍ മഞ്ഞപ്പിത്തം വ്യാപിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ നിര്‍ദേശം നല്കി. പാലക്കാട് ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകള്‍ ബാധിച്ച് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 34 മരണമാണ് വൈറല്‍ മഞ്ഞപ്പിത്തം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.