മൂന്ന് ദിവസത്തിനിടെ 26 പേർക്ക് രോഗം; ഈ വർഷം 204 മരണം, എലിപ്പനി പടരുന്നു
text_fieldsപാലക്കാട്: സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു. ഈ വർഷം ഇതുവരെ 204 പേരാണ് മരിച്ചത്. ജനുവരി മുതൽ ഡിസംബർ മൂന്ന് വരെയുള്ള ആരോഗ്യവകുപ്പ് കണക്ക് പ്രകാരമാണിത്. 164 മരണം എലിപ്പനി മൂലമാണോ എന്ന സംശയവുമുണ്ട്. 3244 പേർക്കാണ് ഇക്കാലയളവിൽ രോഗബാധയുണ്ടായത്.
എലിപ്പനിക്കെതിരെ ജാഗ്രതാ നിർദേശങ്ങൾ തുടരുമ്പോഴും മരണസംഖ്യ കൂടുകയാണ്. ഡിസംബറിൽ മൂന്ന് ദിവസത്തിനിടെ 26 പേർക്കാണ് രോഗം ബാധിച്ചത്. ചൊവ്വാഴ്ച മാത്രം 14 പേർക്ക് വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചു. ഒരു മരണവുമുണ്ടായി. എലിപ്പനി ലക്ഷണങ്ങളോടെ നാലുപേർ മരിച്ചു.
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും വിസര്‍ജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസര്‍ജ്യവും വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവ് വഴി ശരീരത്തിലെത്തിയാണ് രോഗം ഉണ്ടാകുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതൽ കാണപ്പെടുന്നു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയും കണ്ടേക്കാം. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയാകാം.
എലിപ്പനിക്ക് പുറമേ ഇക്കാലയളവിൽ 19,786 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 79 പേർ രോഗം ബാധിച്ച് മരിച്ചു. 56 പേരുടെ മരണം രോഗബാധ മൂലമാണോ എന്ന സംശയമുണ്ട്. 69 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും 58 പേർ എച്ച്1എൻ1 ബാധിച്ചും മരിച്ചു. റാബിസ് ബാധിച്ച 22 പേർക്കും ജീവൻ നഷ്ടമായി. 820 പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ മരിച്ചു. ചിക്കൻ പോക്സ് മൂലം 16 പേരും വൈറൽ പനി മൂലം 15 പേരും വയറിളക്ക രോഗങ്ങൾ ബാധിച്ച് 13 പേരും മരിച്ചു. വെസ്റ്റ് നൈൽ ബാധിച്ച് ഏഴ് പേർക്ക് ജീവൻ നഷ്ടമായപ്പോൾ ആറുപേരാണ് മലേറിയ മൂലം മരിച്ചത്. ചികുൻ ഗുനിയ മൂലം രണ്ട്, നിപ-രണ്ട്, കോളറ-ഒന്ന്, ഷിഗല്ല-ഒന്ന് എന്നിങ്ങനെയും മരണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.