എലിപ്പനി; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്
text_fieldsആലപ്പുഴ: ഈമാസം ജില്ലയില്‍ ഇതുവരെ 10 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിർദേശം. എലിപ്പനി പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാനും ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കാനും ശ്രദ്ധ പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വർഗീസ് (ആരോഗ്യം) അറിയിച്ചു. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഈര്‍പ്പമുള്ള മണ്ണിലും എലിപ്പനിയുടെ രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്.
എലി, നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്നത്. ഒഴുക്കില്ലാത്ത വെള്ളത്തില്‍ എലിപ്പനി രോഗാണു കൂടുതല്‍ ഉണ്ടായേക്കാം.
ഇത്തരം വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ശരീരത്തിലെ മുറിവുകളിലൂടെയും മറ്റുമാണ് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
• മണ്ണും വെള്ളവുമായി തുടര്‍ച്ചയായി സമ്പർക്കമുള്ള ശുചീകരണ ജോലിക്കാര്‍, കെട്ടിടനിർമാണ തൊഴിലാളികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടവർ, കക്ക വാരുന്നവർ തുടങ്ങിയവർ അതീവ ശ്രദ്ധപുലർത്തണം
• ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ ഗുണനിലവാരമുള്ള കാലുറയും കൈയുറയും ധരിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശാനുസരണം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം
• അഴുക്കു വെള്ളത്തിലും മണ്ണിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
• മുറ്റത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരിപ്പു ധരിക്കണം.
• വീട്ടില്‍ വളര്‍ത്തുന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുമായി അടുത്തിടപഴകുന്നതും അവയുടെ മൂത്രം കലര്‍ന്ന മണ്ണില്‍ കളിക്കുന്നതും ഒഴിവാക്കണം
• മണ്ണിലും വെള്ളത്തിലും കളിച്ചു കഴിയുമ്പോള്‍ സോപ്പ് ഉപയോഗിച്ച് കൈകാലുകള്‍ നന്നായി കഴുകണം
• കുട്ടികളിലെ ശാരീരിക അസ്വസ്ഥതകള്‍ അവഗണിക്കരുത്.
• പനി, നടുവ് വേദന, കൈകാലുകളില്‍ വേദന, പേശികളില്‍ വേദന, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം.
• കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി ഗുരുതരമാകും. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ വേദനസംഹാരികള്‍ കഴിക്കരുത്.
• സ്വയം ചികിത്സ ഒഴിവാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.